2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്യുന്നതിനുദ്ദേശിച്ച് കൊണ്ടുള്ള ബില്ലായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026, ലോക്സഭയിൽ ചർച്ചചെയ്യുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചു. ബില്ലിനെതിരെ സഭയിലും പുറത്തും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്‌ജു ബിൽ ചർച്ചചെയ്യുന്നത് മാറ്റിവെച്ചതായി സഭയിൽ അറിയിച്ചത്.
ബില്ലിനെതിരെ ക്രിസ്ത്യൻ സഭകളടക്കം വലിയ എതിർപ്പാണ് ഉയർത്തുന്നത്, കേരളത്തിൽ നിയമസഭാതെരെഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ബിൽ സംബന്ധിച്ച ആശങ്കകൾ ന്യുനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ചും ക്രൈസ്തവസമൂഹത്തിനുള്ളിൽ ഉയർന്നാൽ അത് പ്രധാന തെരെഞ്ഞെടുപ്പ് വിഷയമായി മാറിയേക്കുമെന്നും നിയമസഭാതെരെഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയായേക്കുമെന്നുമുള്ള തിരിച്ചറിവിനെത്തുടർന്നാണ് ബില്ലിൻമേലുള്ള ചർച്ച മാറ്റിവച്ചിരിക്കുന്നത് എന്നാണ് വിവരം.
FCRA ഭേദഗതി ബിൽ സംബന്ധിച്ച ക്രൈസ്തവ സഭകളുടെയടക്കം ആശങ്കകൾ പരിഹരിച്ചതിനുശേഷം മാത്രമേ ബിൽ നടപ്പാക്കുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഭേദഗതി ബിൽ സംബന്ധിച്ച് കേരളത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായും ആശങ്കകൾ ദുരീകരിക്കപ്പെടണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും താൻ ഫോണിൽ ചർച്ചനടത്തിയതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.



