കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ പാലക്കാട്, തൃപ്പൂണിത്തറ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ നടന്നുകഴിഞ്ഞതോടെ പാലക്കാട് രമേശ് പിഷാരടി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽനിന്നും പുറത്തായതോടെ പിഷാരടിയെ പാലക്കാട്ടേക്ക് പരിഗണിയ്ക്കുന്നുണ്ടായിരുന്നു. ജനകീയനായ പിഷാരടിയെ പാലക്കാട് സ്ഥാനാർത്ഥിയായി കൊണ്ടുവന്ന് മണ്ഡലം നിലനിർത്തുവാൻ ഷാഫി പറമ്പിൽ പ്രത്യേകം താല്പര്യമെടുത്തിരുന്നുവെന്നാണ് സൂചനകൾ. കണ്ണൻ ഗോപിനാഥൻ, യൂത്ത് കോൺഗ്രസിലെ കെ.എസ് ജയഘോഷ് എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു.
മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നതിൽ ചിലർക്ക് എതിരഭിപ്രായങ്ങളുണ്ടായിരുന്നുവെങ്കിലും അവസാനം സീനിയർ നേതാക്കളുൾപ്പെടെ എല്ലാവരും പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകുകയായിരുന്നു. നേരത്തെ കെ.പി.സി.സി നേതൃത്വത്തിനോട് പാലക്കാട് മണ്ഡലത്തിലോ അല്ലെങ്കിൽ തൃപ്പൂണിത്തറയിലോ മത്സരിക്കാൻ പിഷാരടി താല്പ്പര്യം പ്രകടിപ്പിച്ചിരുന്നതായാണ് അറിവ്.
കെ. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുവാൻ പാർട്ടിയിലെ വി.കെ ശ്രീകണ്ഠൻ പക്ഷം താല്പര്യപ്പെട്ടിരുന്നതായാണ് സൂചന, എന്നാൽ ചർച്ചകൾക്കൊടുവിൽ സീനിയർ നേതാവായ കെ മുരളീധരനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുവാൻ തീരുമാനമായിരിക്കുകയാണ്.



