ആലപ്പുഴ പറവൂരിലെ തന്റെ വസതിയിൽവച്ചുനടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മത്സരിക്കാൻ സന്നദ്ധനാന്നെന്നു അറിയിച്ചത്.
പാർട്ടി അംഗത്വം ആഴ്ചകൾക്കു മുമ്പ് തന്നെ ഉപേക്ഷിച്ചു താൻ സ്വതന്ത്രനായിരിക്കുകയാണ്, തെരെഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും ഭാഗമാകുകയില്ല പാർട്ടിയ്‌ക്കെതിരെ മത്സരിക്കാനല്ല മറിച്ച് സ്വതന്ത്രനായി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടേയോ പിന്തുണ സ്വീകരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിനു ഇപ്പോൾ ഉത്തരം പറയുന്നില്ല എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
പാർട്ടിക്കെതിരെ പ്രചാരണത്തിനോ മത്സരത്തിനോ താനില്ലെന്നും മറിച്ച് തന്നെ അധിക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്ത പാർട്ടിയിലെ ക്രിമിനലുകൾക്കെതിരെ, പാർട്ടിയിലെ അഴിമതിയ്‌ക്കെതിരെയാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വവുമായി ഏറെക്കാലമായി അകന്നു നിന്നിരുന്ന ജി സുധാകരൻ പലപ്പോഴും പാർട്ടിയുടെ നയങ്ങൾക്കെതിരെ പരസ്യവിമർശനവുമായി രംഗത്ത് വന്നിരുന്നത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സീനിയർ നേതാക്കൾ അനുനയ നീക്കങ്ങൾക്കായി പലതവണ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെങ്കിലും വഴങ്ങുവാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജി സുധാകരന്റെ പറവൂരിലെ ഔദ്യോഗിക വസതിയിലെത്തി പാർട്ടി ജില്ലാനേതാക്കളുൾപ്പെടെയുള്ളവർ അനുനയ ചർച്ചകൾ നടത്തിയിരുന്നു, പാർട്ടി അംഗത്വം പുതുക്കണമെന്നും അമ്പലപ്പുഴയിൽനിന്നും മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നും പിൻമാറണമെന്നും നേതാക്കൾ അഭ്യർഥിച്ചിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയും സുധാകരന്റെ വസതിയിലെത്തി അനുനയ നീക്കങ്ങൾ നടത്തിയിരുന്നു.
പ്രായ പരിധി ചൂണ്ടിക്കാട്ടി ആരെയും പാർട്ടിയിൽനിന്നും രാഷ്‌ട്രീയത്തിൽനിന്നും ഒഴിവാക്കുന്നത് ശരിയല്ലെന്നും ഇ എം എസ്, എ കെ ജി ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയജീവിതത്തെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. എ കെ ജി മരണം വരെ പാർലമെന്റിൽ പ്രതിപക്ഷനേതാവായിരുന്നെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.



