തുടർച്ചയായി രണ്ടാം വട്ടവും T20 വേൾഡ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് BCCI യുടെ വക ക്യാഷ് പ്രൈസ് 131 കോടി രൂപ!
കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കീഴിൽ “ഇന്ത്യൻ ടീമിന്റെ അസാമാന്യമായ ക്രിക്കറ്റ് പ്രകടനം” എന്ന് ബിസിസിഐ സമൂഹമാധ്യമമായ എക്സിൽ അഭിനന്ദനങ്ങൾ പങ്കുവച്ചിരുന്നു. ചരിത്രവിജയത്തിന് കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും സെലക്ടർമാരെയും അഭിനന്ദിച്ചുകൊണ്ടാണ് ബിസിസിഐ പാരിതോഷികം പ്രഖാപിച്ചിരിക്കുന്നത്.
ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽവച്ച് നടന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ 96 റൺസിന് തറപറ്റിച്ചാണ് ഇന്ത്യ ജേതാക്കളായത്. അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ബുമ്രയുടെ ബൗളിംഗ് മികവും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി.
തുടർച്ചയായി ഇത് രണ്ടാമത് തവണയാണ് ഇന്ത്യ കപ്പ് ഉയർത്തുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ നേടിയ 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് 125 കോടി രൂപ പാരിതോഷികമായി ബിസിസിഐ നൽകിയിരുന്നു, ഇത്തവണ 6 കോടിയോളം സമ്മാനത്തുകയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
2025 ലെ ലോക വനിതാ ക്രിക്കറ്റ് വേൾഡ് കപ്പ് വിജയിയായ ഇന്ത്യൻ ടീമിന് ബിസിസിഐ വക 51 കോടി രൂപ പാരിതോഷികമായി ലഭിച്ചിരുന്നു.



