സംഭവബഹുലമായ 60 വർഷം നീണ്ട തന്റെ പാർട്ടി ജീവിതത്തെക്കുറിച്ചും അതിനിടയിൽ പാർട്ടിക്കുള്ളിൽ നിന്നും നേതൃത്വത്തിൽനിന്നുമുണ്ടായ അവഗണകളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടിയുറച്ച പാർട്ടി പ്രവർത്തകനായാണ് താൻ എക്കാലവും നിലകൊണ്ടതെന്നും ഒരു ഘട്ടത്തിലും പാർട്ടിയെ താൻ പിന്നിൽ നിന്ന് കുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ പാർട്ടിയിൽനിന്നു തനിക്ക് അവഗണനകളാണുണ്ടായത്. എളമരം കരീമിനെ അദ്ദേഹം ശക്തമായി വിമർശിച്ചു, തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ എളമരം കരീം ശ്രമിച്ചു, പാർട്ടി അന്വേഷണ കമ്മീഷൻ 22 കുറ്റങ്ങളാണ് തനിക്കെതിരെ കണ്ടെത്തിയത്, തോമസ് ഐസക്കിനു കിട്ടിയ പരിഗണന തനിക്കു ലഭിച്ചില്ലെന്ന പരാതിയും അദ്ദേഹം ഉയർത്തി.
കഴിഞ്ഞ അഞ്ചാറുവർഷങ്ങളായി തന്നെ പാർട്ടിയിൽനിന്നും പുറത്താക്കുവാൻ പാർട്ടിയിലെ “പ്രമുഖർ” ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുധാകരന്റെ സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനത്തോടെ അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയനായ, ജനങ്ങൾക്കിടയിൽ വലിയ സ്വാധീനശക്തിയുള്ള ജി സുധാകരനെ തറപറ്റിക്കുവാൻ എതിരാളികൾ ഏറെ പണിപ്പെടേണ്ടിവരുമെന്നാണ് സൂചനകൾ.
ജി സുധാകരന്റെ സ്വതന്ത്രസ്ഥാനാർഥിത്വം സംബന്ധിച്ച പ്രഖ്യാപനം വാർത്താസമ്മേളനത്തിലുണ്ടായതോടു കൂടി “വർഗ്ഗ വഞ്ചകന് മാപ്പില്ല.. വോട്ടില്ല” എന്നെഴുതിയ പോസ്റ്ററുകൾ മണ്ഡലത്തിൽ പലയിടത്തും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുൾപ്പെടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.



