ഭീകരതയ്ക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്തു സംസാരിക്കുന്ന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവർത്തിച്ചു.
ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് നരേന്ദ്രമോദി. “മോദി സുഹൃത്തിനേക്കാൾ, സഹോദരനാണ്” എന്ന് പറഞ്ഞാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോദിയെ സ്വാഗതം ചെയ്തത്
ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജലപരിപാലനം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിലെ ഇന്ത്യാ-ഇസ്രായേൽ പരസ്പര സഹകരണസാധ്യതകളെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറയുകയുണ്ടായി.
ഇസ്രായേൽ പൗരന്മാർക്കെതിരെ 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ അക്രമത്തെ ‘ക്രൂരമായ ഭീകരാക്രമണം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഭീകരാക്രമണത്തെ പപരാമർശിച്ചുകൊണ്ട്, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തികൊണ്ട് “ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു, നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു” എന്നും “ഈ നിമിഷത്തിലും ഇതിനപ്പുറവും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും” പറഞ്ഞപ്പോൾ അതിനെ എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെയാണ് ഇസ്രായേൽ പാർലമെന്റ് സ്വീകരിച്ചത്. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ചരിത്രപരവും തന്ത്രപരവും സുപ്രധാനവുമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ ഗാസ സമാധാനശ്രമങ്ങൾക്കായും മോദിയുടെ ആഹ്വാനമുണ്ടായി. മേഖലയിൽ എല്ലാവർക്കും നീതിയും ശാശ്വത സമാധാനവും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യയുടെ 140 കോടി ജനങ്ങളുടെ സൗഹൃദ സന്ദേശവുമായാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രായേൽ സഭയിലെ തന്റെ പ്രസംഗമവസാനിപ്പിച്ചത്.
ഇന്ത്യാ – ഇസ്രായേൽ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഹിച്ച പങ്കിനെ മാനിച്ചുകൊണ്ട്, ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റ് അദ്ദേഹത്തിന് “സ്പീക്കർ ഓഫ് ദി നെസ്സെറ്റ് മെഡൽ” നൽകി ആദരിച്ചു.
ഇത്തവണ രണ്ടു ദിവസം നീളുന്ന ഇസ്രായേൽ സന്ദർശനത്തിനായി ഗുറിയാന്‍ വിമാനത്താവളത്തില്‍ എത്തിയ നരേന്ദ്ര മോദിയെ പ്രോട്ടോക്കോള്‍ മര്യാദകള്‍ മാറ്റിവെച്ചുകൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.



