ലാ നിന പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ സുഖകരമായ ശൈത്യകാലം ആഘോഷമാക്കുകയാണ് യുഎഇ പ്രവാസികൾ.
ഹൈറേഞ്ച് സ്ഥലങ്ങളിലേക്ക് തണുപ്പാസ്വദിക്കാൻ വരുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്.
യുഎഇയ്ക്കു പുറമെ ഖത്തർ, കുവൈറ്റ്, സൗദി, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
പൂജ്യം ഡിഗ്രിക്കും താഴെയായിരുന്നു ജബൽ ജെയ്സിലെ താപനില.മഞ്ഞുവീഴാനുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പുണ്ടായിരുന്നു .ശക്തമായ തണുപ്പും കാറ്റും മൂടൽമഞ്ഞും ജനജീവിതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
ലോകത്തു ലാ നിന പ്രതിഭാസത്തിന്റെ ഭാഗമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനമാണ് ഇപ്പോൾ ഗൾഫ് മേഖലയിലും അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
ലാ നിന പ്രതിഭാസത്തെ തുടർന്ന് ഭൂമിയുടെ മർദത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും കാറ്റിന്റെ രീതി മാറുകയും ചില പ്രദേശങ്ങളിൽ ശീതക്കാറ്റ് രൂപമെടുക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ശൈത്യത്തിനു കാരണമെന്നാണ് വിലയിരുത്തൽ.
പകൽസമയങ്ങളിൽ സാമാന്യനിലയിലും താഴ്ന്ന ചൂടും രാവിലെയും വൈകുന്നേരവും തണുപ്പും പ്രതീക്ഷിക്കാം. അതേസമയം മേഖലയിലെ ചില പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ഫെബ്രുവരി പകുതി വരെ നിലവിലെ സുഖകരമായ കാലാവസ്ഥ തുടരും



