ന്യൂഡൽഹി : ഇന്ത്യ-യുഎഇ സംയുക്ത സഹകരണം കൂടുതൽ ശക്തമാക്കിക്കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി .
യുഎഇ പ്രസിഡന്റായതിനുശേഷം ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണ്, കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് ഇത് അഞ്ചാമത്തെ തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലായി 15 കരാറുകളിൽ ഒപ്പുവെച്ചു.
നിലവിലെ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബിസിനസ് 100 ബില്യൺ ഡോളറിൽ നിന്നും 2032 ആകുമ്പോഴേക്കും 200 ബില്യൺ ഡോളറായി ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.
ഭാരത് മാർട്ട് , ഭാരത് ആഫ്രിക്ക സേതു തുടങ്ങിയ ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതിനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളുടെ വേഗത വർദ്ധിപ്പിക്കുവാനും തീരുമാനമായി.
എഐ, സൂപ്പർ കമ്പ്യൂട്ടിംഗ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററും ഡാറ്റാ സെന്ററുകളും സ്ഥാപിച്ചുകൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ബഹിരാകാശ രംഗത്ത് സഹകരിച്ചുകൊണ്ട് പുതിയ ദൗത്യങ്ങൾ, പുതിയ സ്റ്റാർട്ടപ്പുകൾ ഇന്ത്യ-യുഎഇ സംയുക്ത ‘ഡിജിറ്റൽ എംബസി’ എന്നിവയ്ക്കും ധാരണയായി.
അതേസമയം സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജത്തിനായി വൻകിട ആണവ റിയാക്ടറുകൾ നിർമിക്കുന്നതിലും ആണവ സുരക്ഷ സംബന്ധിച്ചും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനുമായി പുതിയ കരാറുകളിൽ ഒപ്പുവെച്ചു.
വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഐഐടി ഡൽഹി, ഐഐഎം അഹമ്മദാബാദ് എന്നിവയുടെ കാമ്പസുകൾ യുഎഇയിൽ പ്രവർത്തനം വിപുലീകരിക്കും.
ഇന്ത്യയുടെ ‘ഡിജിലോക്കർ’ സംവിധാനം യുഎഇ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യൻ പ്രവാസികൾക്ക് വിദ്യാഭ്യാസരേഖകൾ എളുപ്പത്തിൽ സാക്ഷ്യപ്പെടുത്താൻ സഹായകരമാകും.
പണമിടപാടുകൾ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളിലെയും പേയ്‌മെന്റ് സംവിധാനങ്ങളെ പരസ്‍പരം കണക്ട് ചെയ്യും.
ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ സ്ഥാപിക്കുവാനും ഗുജറാത്തിലെ ലോത്തലിൽ നിർമ്മിക്കുന്ന ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിലേക്ക് പുരാവസ്തുക്കൾ നൽകുവാനും യുഎഇ തീരുമാനിച്ചു.
പ്രതിരോധ-സുരക്ഷാ മേഖലകളിലെ ശക്തമായ പങ്കാളിത്തം തുടരുന്നതിനെ ഭാഗമായി കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള അഭ്യാസങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു.
യുഎഇ പ്രസിഡണ്ടിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.



