പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ്, ടിക് ടോക്ക് അടക്കമുള്ള വമ്പന്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഓണ്‍ലൈന്‍ വിലക്കേർപ്പെടുത്തുന്ന ആദ്യരാജ്യമാണ് ഓസ്‌ട്രേലിയ.
ഇതിനെതിരെ യുഎസ് ആസ്ഥാനമായ റെഡ്ഡിറ്റ് നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു.‘പ്രായപരിധി നിര്‍ണ്ണയിച്ചിട്ടുള്ള’ ആപ്പ് അല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ നിരോധിത പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നു റെഡ്ഡിറ്റ് കോടതിയിൽ വാദിച്ചു.
പുതിയ സോഷ്യല്‍ മീഡിയ വിലക്ക് നിയമം, രാഷ്ട്രീയ ആശയവിനിമയത്തിന്റെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിയമം ഓസ്ട്രേലിയന്‍ ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും റെഡ്ഡിറ്റ് ആവശ്യപ്പെട്ടു. റോബ്ലോക്‌സ്, പിന്ററെസ്റ്, വാട്ട്സ്ആപ്പ് പോലെ വലിയ ഉപയോക്തൃഗ്രൂപ്പുകളുള്ള ചില ആപ്പുകളെ നിയമത്തിന്റെ പരിധിയിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
കുട്ടികൾ ഗാഡ്ജറ്റുകളില്‍ ചെലവഴിക്കുന്ന സമയം കളിക്കളത്തിലേക്കോ പുസ്തക വായനയ്ക്കായോ സംഗീത ഉപകരണം പഠിക്കാനോ ഉപയോഗിക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയോട് അനുകൂല സമീപനമാണ് ഡെന്മാര്‍ക്ക്, ന്യൂസിലന്‍ഡ്, മലേഷ്യ പോലുള്ള മറ്റ് പല രാജ്യങ്ങളും സ്വീകരിച്ചത്.



