ഗോവൻ ഫെനിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഇനി കേരളത്തിലും ഫെനി ഉല്പാദിപ്പിക്കും. ‘കെ -ഫെനി’ (കണ്ണൂർ ഫെനി) എന്നാണ് വീര്യം കുറഞ്ഞ ഈ മദ്യത്തിന് പേര് നൽകിയിരിക്കുന്നത്.
കശുമാവ് തോട്ടങ്ങൾ വ്യാപകമായുള്ള കണ്ണൂർ ജില്ലയിൽ നിന്നും കശുമാവിൻ നീര് സംഭരിച്ചു വാറ്റിയാണ് ഉല്പാദനം ആരംഭിക്കുക.
കണ്ണൂരിലെ പയ്യാവൂർ ആനയടിയിലുള്ള പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മാർച്ച് ആദ്യവാരം തന്നെ കെ -ഫെനി വിപണിയിലിറക്കാനാവുമെന്നാണ് പ്രതീക്ഷ. ഉത്പാദനം നടത്തി ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഫെനി വിപണിയിലെത്തിക്കാനാണ് സർക്കാർ തീരുമാനം.പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് ആണ് ഉല്പാദന പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത്.
കശുമാങ്ങ സീസണായ ഡിസംബർ – മെയ് കാലഘട്ടത്തിൽ കർഷകരിൽനിന്നും കശുമാങ്ങകൾ ശേഖരിച്ചുകൊണ്ട് പ്ലാന്റിൽ പ്രൊഡക്ഷൻ നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ അത് കണ്ണൂർ ജില്ലയിലെ കശുവണ്ടി കർഷകർക്ക് പുതിയൊരു വരുമാനമാർഗ്ഗമാകുമെന്നാണ് സർക്കാർ പ്രതീക്ഷ.



