ജപ്പാനിലെ ഇഷികാവ സിറ്റിയിലെ ഒരു കുട്ടിക്കുരങ്ങനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. കരളലിയിക്കുന്ന കാഴ്ചകളിലൂടെ ലോകരുടെ മനം കവർന്നിരിക്കുകയാണ് അവനിപ്പോൾ.
ജാപ്പനീസ് മക്കാക്ക് ഇനത്തിൽപ്പെട്ട കുരങ്ങനാണ് കഥാനായകൻ. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് അവനിപ്പോളുള്ളത്.
2025 ജൂലൈയിൽ പഞ്ച് ജനിച്ചയുടനെ അവന്റെ അമ്മക്കുരങ്ങ് അവനെ ഉപേക്ഷിക്കുകയായിരുന്നവെന്നാണ് പറയുന്നത്. ഇതിനെത്തുടർന്ന് മൃഗശാല അധികൃതർ അവനെ ഏറ്റെടുക്കുകയായിരുന്നു.
മൃഗശാലയിലെ മറ്റുകുരങ്ങുകളും പഞ്ചിനോട് അവഗണന കാട്ടി അവനെ അകറ്റിനിർത്തിയതോടെ അവൻ ആകെ വിഷാദത്തിലായി, അമ്മയില്ലാതെ ഒറ്റപ്പെട്ടുപോയ പഞ്ചിന് കൂട്ടായി ഒരു പാവക്കുട്ടിയെ മൃഗശാല ജീവനക്കാർ അവന്റെ കൂട്ടിൽ വച്ചുകൊടുത്തു. സ്റ്റഫ് ചെയ്ത ഒരു ഒറാങ്ങ് ഗുട്ടാൻ ഓറ-മാമ പാവ.
ഈ പാവയെ സ്വന്തം അമ്മയായി കണ്ടുകൊണ്ട് അതിനെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും കൂടെ ഉറങ്ങുകയുമൊക്കെ ചെയ്യുന്ന പഞ്ച് കുരങ്ങന്റെ വീഡിയോകളാണ് ഇപ്പോൾ ലോകം നെഞ്ചേറ്റിയിരിക്കുന്നത്. തന്റെ അമ്മപ്പാവയോടുള്ള പഞ്ചിന്റെ അകമഴിഞ്ഞ സ്നേഹപ്രകടനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ #HangInTherePunch എന്ന ഹാഷ്ടാഗിൽ വൈറലായി പടരുന്നത്. ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഫീഡുകളിൽ നിറയെ പഞ്ചിന്റെ വീഡിയോകളാണ്.
സ്വന്തം അമ്മയാലും മൃഗശാലയിലെ സ്വന്തം ഇനത്തിൽപ്പെട്ട വാനരന്മാരാലും ഉപേക്ഷിക്കപ്പെട്ട പഞ്ച് കുട്ടിക്കുരങ്ങന് #KeepGoingPunch എന്ന പേരിലും സോഷ്യൽ മീഡിയായിൽ പിന്തുണയേറിവരികയാണ്.



