കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാനേതാവ് അക്രമത്തിൽ കൊല്ലപ്പെട്ടു. ജിം സന്തോഷ് വധക്കേസിൽ ഒന്നാം പ്രതിയായ അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. പ്രസ്തുത കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിട്ടുമടങ്ങവെയാണ് സംഭവമുണ്ടായത്.
ദേശീയപാതയിൽവച്ച് അതുൽ സഞ്ചരിച്ചിരുന്ന കാറിനെ, പിന്തുടർന്ന് വന്ന കാർ ഇടിച്ചുകുഴിയിലേക്കിടുകയും, തുടർന്ന് കാറിൽനിന്നും 4 പേർ മാരകായുധങ്ങളുമായി ഇറങ്ങിച്ചെന്ന് അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കാപ്പ കേസിൽ പ്രതിയായിട്ടുള്ള ബ്ലാക്ക് വിഷ്ണു (30) നേതൃത്വം നൽകുന്ന കടത്തൂർ ടീമാണ് അലുവ അനീഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
2025 മാർച്ച് 27 നു പുലർച്ചെ 2 മണിയ്ക്ക് ജിം സന്തോഷിന്റെ വീട് അതിക്രമിച്ചുകയറി അമ്മയുടെ മുന്നിൽവച്ചാണ് അലുവ അതുൽ, സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.
കൊലപാതകത്തിന് ശേഷം മടങ്ങുന്ന വേളയിൽ ജിം സന്തോഷിന്റെ കൂട്ടാളികളായ 2 പേരെക്കൂടി ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. അന്ന് ഗുരുതരമായി പരുക്കേറ്റ വ്യക്തികൾ ഉൾപ്പെടുന്ന കടത്തൂർസംഘമാണ് ഇന്ന് കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് നിഗമനം.
പിന്നീട് ഒളിവിൽപ്പോയ അതുലിനെ തമിഴ്നാട് തിരുവള്ളൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള cctv ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണ്. പ്രതികളിൽ 3 പേരെ തിരിച്ചറിഞ്ഞതായി സൂചനകളുണ്ട്.
ഓച്ചിറ വയലകം ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട അതുൽ. അതുൽ ഉൾപ്പെടെ 2 പേരാണ് കാറിലുണ്ടായിരുന്നത്. വാഹനമോടിച്ചിരുന്ന അതുലിന്റെ കൂട്ടാളി കുക്കു എന്ന് വിളിപ്പേരുള്ള മനുവും സന്തോഷ് വധക്കേസിലെ പ്രതിയായിരുന്നു. കൈയ്ക്ക് വെട്ടേറ്റ മനു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്നും ഏറെദൂരത്തല്ല അക്രമം അരങ്ങേറിയത്, ജാമ്യത്തിൽ പുറത്തിറങ്ങുന്ന അതുലിന് വധഭീഷണിയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും കൃത്യം മുൻകൂട്ടിത്തടയുവാൻ പോലീസിനായില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.



