Advt 1
Business India Kerala Top News

വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം, അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം.

വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രാജ്യത്ത് പ്രധാനനഗരങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട് കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം (എസ്സെൻഷ്യൽ കമ്മോഡിറ്റി ആക്ട് – ECA) നടപ്പാക്കിയിരിക്കുകയാണ്.

വാണിജ്യ പാചകവാതക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യത്ത് ഉയരുന്നതിനിടയിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രതിസന്ധിയെക്കുറിച്ച് ചർച്ചനടത്തിയിരുന്നു.

LPG ഉദ്പാദനം വർധിപ്പിക്കുവാൻ രാജ്യത്തെ ഏറ്റവും വലിയ 3 പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർക്ക് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിർദേശം നൽകി. പെട്രോകെമിക്കൽ മേഖലയിലേക്കുള്ള വാതക വിഹിതം കുറയ്ക്കുവാനും ഗാർഹിക LPG, പൈപ്പ്ഡ് ലൈൻ ഗ്യാസ്, വാഹനങ്ങൾക്കുള്ള CNG ഉൽപ്പാദനം വർദ്ധിപ്പിക്കുവാനും അധിക ഉദ്പാദനമുണ്ടായാൽ അത് രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിനായി നീക്കിവയ്ക്കുവാനും കേന്ദ്രനിർദേശമുണ്ട്. ഓരോ മേഖലകൾക്കുമുള്ള പ്രാധാന്യമനുസരിച്ചും കഴിഞ്ഞ 6 മാസത്തെ ഉപഭോഗ ശരാശരിയനുസരിച്ചും വാതക വിതരണം പുനഃക്രമീകരിക്കുവാൻ തീരുമാനമായിട്ടുണ്ട്. ചുരുക്കത്തിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിഹിതം കൂടി ഗാർഹിക പാചകവാതക വിതരണത്തിനായി തല്ക്കാലം ഉപയോഗിക്കും.

പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുകയെന്ന ലക്ഷ്യത്തോടെ ഗാർഹിക ഉപഭോക്താക്കളുൾപ്പെടെയുള്ളവരുടെ LPG സിലിണ്ടർ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള വേണമെന്ന രീതിയിൽ ബുക്കിംഗ് സംവിധാനം സർക്കാർ പുനഃക്രമീകരിച്ചിട്ടുമുണ്ട്.

ഇന്ത്യയിലേക്കുള്ള പാചകവാതക ആവശ്യത്തിന്റെ ഏതാണ്ട് 62% ത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്, എന്നാൽ ഇറക്കുമതിയുടെ 90 ശതമാനത്തോളം കടന്നുവരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഹോർമുസ് ഇടനാഴി വഴിയ്ക്കുള്ള എണ്ണ-പ്രകൃതിവാതക വിതരണ ശൃംഖലയെ അത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുവരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.

കേരളത്തിൽ പലയിടത്തും വാണിജ്യ സിലിണ്ടറുകൾ ലഭിക്കാനില്ല എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള 5 kg, 19.5 kg, 38 kg, 45 kg എന്നിങ്ങനെ വിവിധ അളവുകളിലുള്ള സിലിണ്ടറുകളുടെ ഫില്ലിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഗാർഹികാവശ്യത്തിനുള്ള 14.2 kg സിലിണ്ടറുകൾ മാത്രമാണ് നിലവിൽ വിതരണത്തിലുള്ളത്.

സ്കൂളുകളെയും ആശുപത്രികളെയും പോലെ ഹോട്ടലുകളെയും അവശ്യ സർവീസായി പ്രഖ്യാപിച്ചുകൊണ്ട് കൂടുതൽ സിലിണ്ടറുകൾ അനുവദിക്കണമെന്ന് കേരളത്തിലെ ഹോട്ടലുടമകളുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം തുടർന്നാൽ സംസ്ഥാനത്തെ സേവന വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകളുണ്ട്.

 

 

 

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.