ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മന്ത്രി കെബി ഗണേഷ് കുമാർ ഭാര്യയോട് മാപ്പു പറഞ്ഞു.
കെബി ഗണേഷ്‌കുമാറിനെ അരുതാത്ത സാഹചര്യത്തിൽ വീട്ടിൽവച്ച് കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. എന്നാൽ സംഭവത്തിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതോടെ ഇനി താൻ നിയമപരമായി ഇക്കാര്യത്തിൽ മുമ്പോട്ടുപോവില്ല എന്ന് തീരുമാനിച്ചതായി ബിന്ദു മേനോൻ പറഞ്ഞു.
കുടുംബപ്രശ്‌നം കൂടുതൽ വഷളാക്കി രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കരുതെന്ന കർശന നിർദേശം മുഖ്യമന്ത്രിയിൽനിന്നും ഇക്കാര്യത്തിൽ ഗണേഷ് കുമാറിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രി ഗണേഷിനെതിരെ തല്ക്കാലം നടപടിയ്ക്ക് മുതിരുന്നില്ല എന്നാണ് ഗവണ്മെന്റ് തീരുമാനം.
എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗണേഷ്‌കുമാറിനെ സംബന്ധിച്ചുണ്ടായ സമാന വിവാദങ്ങളിൽ ഇടത് കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണുണ്ടായത്. അതിനാൽത്തന്നെ ഈ വിഷയത്തിലെ ധാർമികപ്രശ്നം ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രതിഷേധമുയർത്തുവാനാണ് പ്രതിപക്ഷ തീരുമാനം.
അതിനിടെ താൻ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ നിലപാട്. തനിക്കു പ്രണയങ്ങൾ ഉണ്ടെന്നും പ്രണയമില്ലാത്തവരായി ആരുംതന്നെയില്ലെന്നും തന്റെ കുടുംബകാര്യങ്ങൾ മാധ്യമങ്ങൾക്കു മുമ്പിൽ പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു മാധ്യമങ്ങളെ അഭിമുഖീകരിച്ചവേളയിൽ മന്ത്രി ഗണേഷിന്റെ നിലപാട്. വിവാദങ്ങൾ തനിക്കു ഗുണമാകുമെന്നും കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും ഇവിടെ നിന്നും ജയിക്കുമെന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം.
ഭാര്യ ബിന്ദുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രിസ്ഥാനവും സ്ഥാനാർഥിത്വവുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വെളിപ്പെടുത്തൽ ദോഷകരമാകുമെന്ന തിരിച്ചറിയലിൽ മന്ത്രി ഭാര്യയെ ഫോണിൽ വിളിച്ചു മാപ്പു പറയുകയായിരുന്നു എന്നാണ് സൂചനകൾ.
ഗണേഷ് വിഷയം മന്തിസഭായോഗത്തിലും ചർച്ചയായില്ല എന്നാണ് വിവരം. സംഭവത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷസംഘടനകൾ പത്തനാപുരത്തെ എം എൽ എ ഓഫീസിലേക്ക് പ്രകടനങ്ങൾ നടത്തുകയാണ്.



