ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് നിർണ്ണായകമായി മാറിയ ഒന്നായിരുന്നു സെമിഫൈനൽ പോരാട്ടത്തിലെ ബുമ്രയുടെ ബൗളിംഗ് മികവ്.
4 ഓവറിൽ ശരാശരി 8.25 എന്ന നിലയ്ക്ക് ആകെ 33 റൺസ് ആണ് ബുമ്ര വഴങ്ങിയത്. ഒരോവറിൽ 12 റൺസിന് മുകളിൽ മറ്റെല്ലാ ബോളേഴ്സും വഴങ്ങിയ സമയത്തും തന്റെ ബൗളിംഗ് ശരാശരി 8 എന്ന നിലയ്ക്ക് നിയന്ത്രിക്കുവാൻ ബുമ്രയ്ക്കു കഴിഞ്ഞു. ഡെത്ത് ഓവറുകളിൽ കൂറ്റനടികൾക്കു ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരെ ആഞ്ഞുവീശുവാൻ അവസരം നൽകാതെ മികച്ച യോർക്കറുകളിലൂടെ തളച്ച് വരുതിയ്ക്കു നിർത്തുവാൻ ബുമ്രയ്ക്കായി.
17 ആമത്തെ ഓവർ അവസാനിക്കുമ്പോൾ അതേ സമയത്ത് ഇന്ത്യയ്ക്കുണ്ടായിരുന്നതിനേക്കാൾ 4 റൺസ് മുന്നിലായിരുന്നു ഇംഗ്ലണ്ട്.
ജയിക്കുമെന്ന പ്രതീതി സൃഷ്ട്ടിച്ച ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രകടനത്തെ തന്റെ ബൗളിംഗ് മികവിലൂടെ വരുതിയിൽ നിർത്തുവാൻ ബുമ്രയ്ക്കായി.
ക്യാപ്റ്റൻ സൂര്യകുമാർ 18- ആമത്തെ ഓവറിനായി പന്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച ഡെത് ഓവർ സ്പെഷ്യലിസ്റ്റുകളിലൊരാളായ ജസ്പ്രീത് ബുമ്രയ്ക്കു കൈമാറിയതോടെ കാര്യങ്ങൾ ഇന്ത്യയ്ക്കനുകൂലമായി മാറിമറിയുകയായിരുന്നു. കൃത്യതയാർന്ന യോർക്കറുകളിലൂടെ ബുമ്ര ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ സ്കോർ ചെയ്യുന്നതിനിന്നും വരിഞ്ഞുമുറുക്കി, 18- ആമത്തെ ഓവറിൽ പിറന്നത് വെറും 6 റൺസ് മാത്രം
ഇതുവരെ യഥേഷ്ടം റണ്ണൊഴുകിയ വാങ്കഡെയുടെ പിച്ചിൽ, 4 ഓവറുകളിൽ കേവലം 33 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടിയ പ്രകടനം അങ്ങനെ കളിയിൽ നിർണ്ണായകമാകുകയായിരുന്നു.
മാൻ ഓഫ് ദി മാച്ച് അവാർഡ് ഏറ്റുവാങ്ങുന്നവേളയിൽ സഞ്ജു പറഞ്ഞത് ഈ പുരസ്‌കാരം ബുംറ അർഹിക്കുന്നുവെന്നാണ്. “തലമുറയിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ലോകോത്തര ബൗളർ, അത് അദ്ദേഹം ഇന്നും തെളിയിച്ചിരിക്കുന്നു. ബുമ്ര ഇല്ലായിരുന്നുവെങ്കിൽ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം എന്റെ കൈകളിൽ എത്തില്ലായിരുന്നു”.
ഹർദിക് പാണ്ട്യ 4 ഓവറിൽ 38 റൺസ് വഴങ്ങി 2 വിക്കറ്റ്, അർഷ്ദീപ് സിങ് 4 ഓവറിൽ 12.75 ശരാശരിയിൽ 51 റൺസ് വിട്ടുകൊടുത്തുകൊണ്ട് 1 വിക്കറ്റ്, വരുൺ ചക്രവർത്തി 4 ഓവറിൽ 64 റൺസ്, അക്‌സർ പട്ടേൽ 3 ഓവർ 35 റൺസ്, ശിവം ദുബൈ 1 ഓവറിൽ 22 റൺസ് എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബൗളേഴ്‌സിന്റെ സെമിഫൈനലിലെ പ്രകടനം.



