ഇസ്രായേൽ നഗരമായ ഹൈഫയിൽ ഹിസ്ബുള്ള നടത്തിയ മിസൈലാക്രമണത്തിനു മറുപടിയായി ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകർത്തു മുന്നേറുകയാണ് ഇസ്രായേൽ സേന.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ വധത്തിന് പ്രതികാരമായാണ് ലെബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേൽ ഹൈഫയിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്.
ഇസ്രയേലിന്റെ സർവനാശം എന്ന ലക്ഷ്യത്തിനായി ഇറാൻ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബുള്ള.
ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യം വച്ചുനടത്തിയ റോക്കറ്റ് ആക്രമണങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന നിരുത്തരവാദപരമായ പ്രവർത്തിയാണെന്നും ലെബനനിൽ ആക്രമണം തുടരാൻ ഹിസ്ബുള്ളയുടെ ഈ ചെയ്തികൾ ഇസ്രായേലിന് പ്രേരണയാകുമെന്നും ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം സമൂഹമാധ്യമമായ എക്സിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ സേനയുടെ (IDF) കവചിത യൂണിറ്റുകൾ ലെബനന്റെ തെക്കൻ പ്രവിശ്യയിൽ മുന്നേറുകയും കൂടുതൽ ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നിന്നൊഴിഞ്ഞ് പോകാൻ ലെബനീസ് ജനതയോട് ഇസ്രായേൽ ആഹ്വാനം നടത്തിയിട്ടുണ്ട്. ഇറാൻ ഇസ്ലാമിക ഭരണകൂടത്തിന്റെ പ്രാദേശിക “പ്രതിരോധത്തിൻ്റെ അച്ചുതണ്ട്” ഭാഗമായി ലെബനനിൽ പ്രവർത്തിച്ചുവരുന്ന ബാസിജ് തീവ്രവാദ ഗ്രൂപ്പിന്റെ കേന്ദ്രങ്ങളിലും ഇസ്രായേൽ കനത്ത ആക്രമണം നടത്തുകയാണ്.



