മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് അമേരിക്ക – ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും അദ്ധേഹത്തിന്റെ വിശ്വസ്തരായിരുന്ന ഉന്നതോദ്യോഗസ്ഥരും വധിക്കപ്പെട്ടതോടുകൂടി, ഇറാനിപ്പോൾ അന്താരാഷ്ട്രതലത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
തന്ത്രപ്രധാന പങ്കാളികളായിരുന്ന ചൈനയും റഷ്യയും ഏറെക്കുറെ മൗനത്തിലാണ്. അമേരിക്ക – ഇസ്രായേൽ സംയുക്ത സൈനികനടപടിയെ അപലപിച്ചതൊഴിച്ചാൽ കാര്യമായി ഒന്നും ചെയ്യാൻ അവർ തയ്യാറാകുന്നില്ല.
ഒരുതരത്തിലുമുള്ള സൈനിക പിന്തുണയും പ്രതിസന്ധിഘട്ടത്തിൽ ഇരുരാജ്യങ്ങളും ഇറാന് നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇറാനുമായി സാമ്പത്തിക രാഷ്ട്രീയ സൈനിക കാര്യങ്ങളിൽ സവിശേഷബന്ധം പുലർത്തിപ്പോന്ന ചൈന ഇപ്പോൾ ഇറാനെ വെറും ഒരു വ്യാപാര പങ്കാളി മാത്രമായിട്ടാണ് കാണുന്നതെന്നും ഇറാൻ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്കയുമായുള്ള പ്രശ്‍നങ്ങൾ കൂടുതൽ സങ്കീർണമാക്കാതെ ചൈന തന്ത്രപരമായ മൗനം തുടരുകയാണെന്നുമാണ് രാഷ്ട്രീയനിരീക്ഷകരുടെ വിശകലനം.
ഇറാനിലെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആഗോള എണ്ണനീക്കവിതരണ ശൃംഖല തടസ്സപ്പെടുമെന്നും, തുടർന്നുണ്ടാകുന്ന പ്രതിസന്ധി തങ്ങൾക്ക് ഇന്ത്യയിലേക്കും ചൈനയിലേക്കും ക്രൂഡ്ഓയിൽ കയറ്റുമതി ചെയ്യുന്നതിന് സഹായകരമാകുമെന്നും റഷ്യ കരുതുന്നുണ്ടെന്നാണ് നിരീക്ഷണം.
ശത്രുരാജ്യങ്ങൾക്കെതിരായ നിഴൽയുദ്ധങ്ങൾക്ക് ഇറാൻ പോറ്റിവളർത്തിയിരുന്ന ഹമാസ്, ഹൂതികൾ, ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള പോലെയുള്ള തീവ്രവാദസംഘടനകളും നിലവിൽ അമേരിക്ക – ഇസ്രായേൽ സംയുക്ത സൈനികനീക്കങ്ങൾക്കെതിരായി ഇറാന് സൈനികപിന്തുണ നൽകാനും മാത്രം കരുത്തരല്ല എന്നതാണ് വസ്‌തുത. അസദ് ഭരണകൂടം പുറത്തായതോടെ ഇനി സിറിയയിൽ നിന്നോ പ്രതിസന്ധിതുടരുന്ന വെനസ്വേലയിൽ നിന്നോ കാര്യമായ സൈനിക പിന്തുണ ഇനി ഇറാന് പ്രതീക്ഷിക്കേണ്ടതില്ല.
നിലവിൽ, മേഖലയിലെ സമാധാനത്തിനായും തടസ്സമില്ലാത്ത സാമ്പത്തികപുരോഗതിയ്ക്കായും അറബ് രാജ്യങ്ങളും ഇറാനിൽ ഒരു ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.



