മറ്റുരാജ്യങ്ങൾക്കു മേൽ അധികമായി ചുമത്തിയ ഇറക്കുമതി തീരുവകൾ അസാധുവാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്.
10നു മുകളിൽ ആഗോള തീരുവാ ചുമത്തുവാനുള്ള തീരുമാനം താൻ നടപ്പിൽ വരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.തീരുവ സംബന്ധിച്ചുള്ള സുപ്രീം കോർട്ട് വിധി നിരാശാജനകമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്‌ജിമാരെ ഓർത്തു താൻ ലജ്ജിക്കുന്നതായും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ “അവർക്കു തീരുവ നൽകേണ്ടിവരും, പക്ഷെ യുഎസിന് തീരുവ നൽകേണ്ടിവരില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കോടതിവിധിയെക്കുറിച്ചു വിദേശരാജ്യങ്ങൾക്കു അധികകാലം സന്തോഷിക്കുവാൻ കഴിയില്ലെന്നും വിധിപറഞ്ഞ ജഡ്‌ജിമാർ വിദേശരാജ്യങ്ങളുടെ താല്പര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. അധികതീരുവ ഏർപ്പെടുത്തുവാൻ പുതിയ ബദൽ മാർഗ്ഗങ്ങൾ താൻ സ്വീകരിക്കുമെന്നും ഇതിലൂടെ കൂടുതൽ പണം കണ്ടെത്തുമെന്നും വ്യാപാരകരാറുകൾ സംബന്ധിച്ച തന്റെ തീരുമാനങ്ങളിൽനിന്നും പിന്നോട്ട് പോകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് ഭരണഘടനാപ്രകാരം നികുതി,തീരുവ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള അധികാരം യുഎസ് കോൺഗ്രെസ്സിനാണെന്നും ഇക്കാര്യത്തിൽ അമിതാധികാരത്തിലൂടെ പ്രസിഡന്റിനു തീരുമാനങ്ങൾ ഏകപക്ഷീയമായെടുക്കുവാൻ കഴിയില്ലെന്നും യുഎസ് സുപ്രീം കോർട്ട് വ്യക്തമാക്കിയിരുന്നു.



