ഇന്ത്യാ-പാക് സംഘർഷമവസാനിപ്പിക്കുവാനായി താനാണ് ഇടപെട്ടതെന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.
200% ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് താൻ വിരട്ടിയതായും ഇരുരാജ്യങ്ങളും ഉടനെ സംഘർഷമവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. കാര്യങ്ങൾ ആണവായുദ്ധത്തിലേക്കു നീങ്ങിയിരുന്നുവെങ്കിൽ 25 കോടിയോളം ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്നും താൻ ഇടപെട്ട് യുദ്ധം ഒഴിവാക്കിയതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തന്നോട് നന്ദി പറഞ്ഞതായും ട്രംപ് പറഞ്ഞു.
ഗാസ ബോർഡ് ഓഫ് പീസ് യോഗത്തിൽവച്ചാണ് ഇന്ത്യാ-പാക് യുദ്ധം തന്റെ ഇടപെടൽ മൂലമാണ് നിർത്തിവച്ചതെന്ന വാദം ട്രംപ് ആവർത്തിച്ചത്.
എന്നാൽ സംഘർഷമവസാനിപ്പിച്ചതിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന വാദത്തിൽ ഇപ്പോളും ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. സംഘർഷമവസാനിപ്പിക്കുവാൻ ട്രംപ് ഇടപെട്ടതായി ഇന്ത്യ എങ്ങും പറഞ്ഞിട്ടില്ല. പാകിസ്ഥാൻ നേരിട്ട് വിളിച്ചപേക്ഷിച്ചതിനെത്തുടർന്നാണ് ഇന്ത്യ ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് ഇന്ത്യൻ പക്ഷം.
ഇന്ത്യാ-പാക് സംഘർഷമുൾപ്പെടെ എട്ടോളം യുദ്ധങ്ങൾ ഒഴിവാക്കുവാൻ തനിക്കു കഴിഞ്ഞതായും ട്രംപ് അവകാശമുന്നയിച്ചു. ഇതുൾപ്പെടെ നോബൽ സമ്മാനം തനിക്കുവേണമെന്ന നിലപാട് പലയിടത്തുംവച്ച് ട്രംപ് ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യാ പാക് സംഘർഷത്തെക്കുറിച്ചും തന്റെ ഇടപെടലിനെക്കുറിച്ചും ഏതാണ്ട് 80 തിലധികം തവണ വിവിധ രാജ്യാന്തരവേദികളിൽ വച്ച് ട്രംപ് അവകാശവാദമുന്നയിച്ചിട്ടുണ്ട്.



