ഒമാന്റെ മധ്യസ്ഥതയിലുള്ള ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാന ചർച്ചകൾ സ്വിറ്റസർലണ്ടിലെ ജെനീവയിൽ പുരോഗമിക്കവേ ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി.ഇപ്പോൾ നടക്കുന്ന ചർച്ചകളിലൂടെ അർത്ഥപൂർണ്ണമായ കരാറിലെത്തിച്ചേർന്നില്ലെങ്കിൽ ഇറാന്റെ സ്ഥിതി മോശമാകുമെന്ന് ട്രംപ് പ്രസ്താവിച്ചു.
ഇറാനെ ലക്‌ഷ്യം വച്ചുകൊണ്ട് വിമാനവാഹിനി കപ്പലുകളുൾപ്പെടെയുള്ള സന്നാഹങ്ങൾ മേഖലയിൽ ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ട്രംപിന്റെ വിരട്ടൽ.യുഎസിന് സ്വീകാര്യമായ കരാറിലെത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഇറാൻ കടുത്ത തിരിച്ചടി നേരിടുമെന്നും കരാർ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഇറാന് പത്തു ദിവസം സാവകാശം നല്കുമെന്നും ബോർഡ് ഓഫ് പീസിന്റെ യോഗത്തിൽവച്ചു ട്രംപ് പ്രസ്താവിച്ചു.
യുറേനിയം സമ്പുഷ്‌ടീകരണം,ബാലിസ്റ്റിക് മിസൈൽ പദ്ധതി എന്നിവയിൽനിന്നും ഇറാൻ പൂർണ്ണമായും പിന്മാറണമെന്നാണ് അമേരിക്കൻ നിലപാട്.
തങ്ങളുടെ മേഖലയിൽ സൈനികസാന്നിദ്ധ്യം വർധിപ്പിച്ചുകൊണ്ട് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തുകയാണെന്നും സംഘർഷമൊഴിവാക്കുവാൻ അടിയന്തിരമായി ഇടപെടണമെന്നും ഇറാൻ ഐക്യരാഷ്ട്രസഭയ്ക്കു നൽകിയ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അതേസമയം ഈ ആഴ്ച അവസാനത്തോടെ അമേരിക്ക ഇറാനെ അക്രമിച്ചേക്കാമെന്നതരത്തിലുള്ള റിപ്പോർട്ടുകൾ അന്താരാഷ്ട മാധ്യമങ്ങളായ CNN നും CBS സും പുറത്തുവിട്ടിട്ടുണ്ട്.
ഇറാനെതിരെയുള്ള യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും എന്നാൽ ഉടനടി യുദ്ധനടപടികളിലേക്കു കടക്കുന്ന കാര്യത്തിൽ ട്രംപിന് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതായും പെന്റഗൺ കേന്ദ്രീകരിച്ചുകൊണ്ട് വാർത്താമാധ്യമങ്ങളിൽ സൂചനകളുണ്ടായിരുന്നു.



