2024ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക് സമ്മാനിക്കും. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്.
ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവന പരിഗണിച്ചാണ് ഈ പുരസ്‌കാരം സമ്മാനിക്കാറുള്ളത്.സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരവിവരം വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത് .
5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ സി ഡാനിയേൽ പുരസ്‌കാരം.
ഈ മാസം 25 നു തിരുവന്തപുരത്ത് നിശാഗന്ധിയിൽ വച്ച് നടക്കുന്ന നടത്തപ്പെടുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയും സംവിധായകൻ ബാലു കിരിയത്ത്,നടി ഉർവശി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് ആളെ തെരെഞ്ഞെടുത്തത്. ഇന്ന് പ്രഖ്യാപിക്കപ്പെട്ടത് മുപ്പത്തിരണ്ടാമതു ജെ സി ഡാനിയേൽ പുരസ്‌കാരമാണ്.
ആന്ധ്രയിലെ തെന്നാലിയിൽ 1945 ജൂൺ 25 നു വെങ്കിടേശ്വര റാവുവിന്റെയും സത്യവതിദേവിയുടെയും മകളായാണ് ശാരദയുടെ ജനനം.
സരസ്വതി ദേവി എന്നായിരുന്നു ആദ്യ പേര്.
‘ഇരുമിത്രലു’ എന്ന തെലുങ്ക് ചിത്രത്തിലഭിനയിക്കുമ്പോഴാണ് ശാരദ എന്ന് പുനർനാമകരണം ചെയ്യുന്നത്.
കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
1968ൽ ‘തുലാഭാരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം നേടിയത്.തുടർന്ന് 1972ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും 1977ൽ തെലുങ്കു ചിത്രമായ ‘നിമജ്ജനത്തി’ലൂടെയും ദേശീയ അംഗീകാരത്തിനർഹയായി.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മുറപ്പെണ്ണ്, ത്രിവേണി, മൂലധനം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങൾക്ക് അവർ ജീവൻ കൊടുത്തു.നൂറ്റിയിരുപത്തഞ്ചോളം മലയാളചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.
60കൾക്ക് മുതലുള്ള മലയാളി സ്ത്രീകളുടെ സഹനങ്ങളും ദുരിതങ്ങളും തന്റെ ഭാവപ്പകർച്ചയിലൂടെ തിരശീലയിലെത്തിക്കുവാനും തന്റെ അസാധാരണ അഭിനയമികവിലൂടെ 2 തവണ മലയാളത്തിന് ദേശീയപുരസ്കാരം നേടിത്തരുവാനും മലയാളികൾക്ക് മറക്കാനാവാത്തവിധം ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കുവാനും കഴിഞ്ഞ പ്രതിഭയെന്നനിലയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരത്തിന് ശാരദ എന്തുകൊണ്ടും അർഹയാണെന്നു ജൂറി വിലയിരുത്തി.



