ശത്രുരാജ്യങ്ങളുടെ അത്യാധുനിക റഡാർ-പ്രതിരോധ സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കികൊണ്ട് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തു പ്രഹരമേല്പിക്കുന്ന ഒരു ഇന്ത്യൻ ആയുധം!… ഇനി അത് വെറും സ്വപ്നമല്ല!
പ്രൊജക്റ്റ് വിഷ്ണു-വിന്റെ ഭാഗമായി തദ്ദേശീയമായിത്തന്നെ വികസിപ്പിച്ച ഇന്ത്യയുടെ ET-LDHCM ഹൈപ്പർസോണിക് മിസൈൽ, മാക്-8 വേഗത, 1,500 കിലോമീറ്റർ ദൂരപരിധി, സ്റ്റെൽത്ത് സാങ്കേതികവിദ്യ, വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിക്കാനുള്ള കഴിവ് എന്നിവയോടെ ബ്രഹ്മോസ് മിസൈലിനെക്കാൾ ബഹുദൂരം മുന്നിലാണ്.
മാക് 8 വേഗത കൈവരിക്കാൻ കഴിയുന്ന ഈ മിസൈലിന് 10 മിനിറ്റിനകം കറാച്ചിയിൽ എത്താൻ കഴിയും.
ഇക്കഴിഞ്ഞ, ജൂലൈ 14-ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ET-LDHCM എന്ന മിസൈൽ ഇന്ത്യയുടെ കിഴക്കൻ തീരദേശത്തു വിജയകരമായി പരീക്ഷണം നടത്തി.
ഇതോടെ, ഈ അത്യാധുനിക സാങ്കേതികവിദ്യ നിലവിൽ കൈവശമുള്ള ലോകത്തിലെ മൂന്ന് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയർന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയിൽ വലിയ ഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുകയാണ്.
Extended Trajectory–Long Duration Hypersonic Cruise Missile എന്നതിന്റെ ചുരുക്കപ്പേരാണ് ET-LDHCM. ഈ മിസൈൽ മാക് 8 വേഗത കൈവരിക്കുന്നതിനാൽ , അതായത് ഏകദേശം മണിക്കൂറിൽ 9,800 കിലോമീറ്റർ വേഗത്തിൽ ആകാശത്തിലൂടെ കുതിക്കുവാൻ,അതായത് ഡൽഹിയിൽ നിന്ന് വിക്ഷേപിച്ചാൽ 10 മിനിറ്റിനുള്ളിൽ തന്നെ പാകിസ്താനിലെ കറാച്ചിയിലെത്തുവാൻ ഈ മിസൈലിന് കഴിയും.
1,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ പാകിസ്താന്റെയും ചൈനയുടെയും ഉൾപ്രദേശങ്ങളിലേക്കും കടന്നുചെന്നാക്രമിക്കുവാനും ഇതിനു കഴിയും. 1,000 മുതൽ 2,000 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടക വാർഹെഡുകൾ വഹിച്ചുകൊണ്ട് വലിയ സൈനിക കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ, ശക്തമായി കോട്ടകെട്ടിയ ബങ്കറുകൾ എന്നിവ തകർക്കുവാനും ഈ മിസൈലിനു സാധിക്കും.
പഴയ ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും വ്യത്യസ്തമായി ഭൂമിയോട് ചേർന്ന്, ഒരു സൂപ്പർസോണിക് പക്ഷിയെപ്പോലെ, താഴ്ന്ന ഉയരത്തിൽ പറക്കുവാനും അതിലുപരി, പറക്കുന്നതിനിടയിൽ തന്നെ ദിശ മാറ്റുവാനും ഇതിന് കഴിയുമെന്നതിനാൽ ശത്രുവിന്റെ റഡാർ-വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ പിന്തുടരാനും തകർക്കാനും അത്യന്തം ബുദ്ധിമുട്ടാകും.
ഇന്ന് നിലവിലുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ ചൈനയുടെ S-400 അമേരിക്കയുടെ THAAD എന്നിവയ്ക്കുപോലും ഈ മിസൈലിനെ കണ്ടെത്തി തകർക്കുക എന്നത് അതീവദുഷ്കരമായേക്കും കാരണം ഈ സംവിധാനങ്ങൾ മിസൈൽ കണ്ടെത്തി അതിന്റെ പാത കണക്കാക്കുന്നതിനുള്ള സമയത്തിനുള്ളിൽ തന്നെ ET-LDHCM ദിശ മാറ്റി അതിന്റെ ലക്ഷ്യത്തിലേക്ക് സെക്കൻഡുകൾ അകലെയെത്തിക്കഴിഞ്ഞിരിക്കും.
കര, കടൽ, വ്യോമമേഖലകളിൽനിന്ന് തൊടുക്കുവാൻ കഴിയുന്ന രീതിയിൽ ഈ മിസൈൽ രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ ഇന്ത്യയുടെ സായുധ സേനകൾക്ക് മുമ്പെങ്ങുമില്ലാത രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യവും പ്രഹരശേഷിയും ഇതുനൽകുന്നു.
കരയിൽവെച്ച് മൊബൈൽ ട്രക്ക്-മൗണ്ടഡ് ലോഞ്ചറുകളിൽ നിന്നും കടലിൽ, യുദ്ധക്കപ്പലുകളിലും സബ്‌മറീനുകളിലും നിന്നും ആകാശത്തു , Su-30MKI, റഫാൽ പോർ വിമാനങ്ങളിൽ നിന്നും ഈ മിസൈൽ തൊടുക്കുവാൻ കഴിയുമെന്നതിനാൽ ഒരു ത്രിമുഖ വിക്ഷേപണ ശേഷി ഇതിനുറപ്പുനൽകുവാൻ കഴിയും.
കര,തീരദേശ,ആകാശ മേഖലകളിൽനിന്നുമുള്ള ഏത് വെല്ലുവിളിക്കും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഒരു ആയുധമായി ET-LDHCM മാറുമെന്നുറപ്പാണ്.
ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച സ്‌ക്രാംജെറ്റ് എന്‍ജിനാണ് മിസൈലിലുള്ളത്.
വിക്ഷേപിച്ച് നിശ്ചിത വേഗതയിലേക്ക് മിസൈല്‍ എത്തിക്കഴിഞ്ഞാല്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ഉപയോഗിച്ചാണ് മിസൈല്‍ കുതിക്കുക. കൂടുതല്‍ ദൂരം ഹൈപ്പര്‍സോണിക് വേഗതയില്‍ തുടരാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും.
ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുള്ള യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നിരയിലേക്കാണ് ഇന്ത്യയും ഉയരുന്നത് . ദക്ഷിണേഷ്യയിലെയും ഏഷ്യയിലെയും ശാക്തിക-തന്ത്രങ്ങളെയും ബലാബലങ്ങളേയും സ്വാധീനിക്കാന്‍ പോകുന്ന തരത്തിലാണ് ഇന്ത്യയുടെ മുന്നേറ്റം. മേഖലയിലെ ഇന്ത്യൻ മേധാവിത്വം കൂടുതൽ ശക്തിപ്രാപിക്കുമെന്ന ശക്തമായ സൂചനയാണിത് തരുന്നത്.



