തമിഴ്നാട് വനമേഖലകളിലെ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ എ.ഐ സംവിധാനവും ഉപയോഗപ്പെടുത്തും.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളെ നേരിടുന്നതിനായി പരമ്പരാഗത മാർഗങ്ങളുപയോഗിക്കുന്ന രീതികളെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് സർക്കാർ കൃത്രിമബുദ്ധി അധിഷ്ഠിത മനുഷ്യ–വന്യജീവി സംഘർഷ നിയന്ത്രണ കമാൻഡ് സെന്റർ ആരംഭിച്ചത്.
നീലഗിരി ജില്ലയിൽ ഗൂഡല്ലൂർ നാടുകാണി വനം ഡിവിഷനിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനമൊരുക്കിയിട്ടുള്ളത്. തമിഴ്നാട് വനം കാലാവസ്ഥാ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഉൾപ്പെടെയുള്ള വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എ ഐ അധിഷ്ഠിത സംവിധാനമൊരുക്കിയത്.
ആനകൾ, പുലികൾ, മറ്റ് വലിയ സസ്തനികൾ എന്നിവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടന്നുവന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ മുൻകൂട്ടി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇനിമുതൽ എ ഐ സഹായിക്കും.
സംഘർഷ സാധ്യതയുള്ള മേഖലകൾ പ്രതിസന്ധികൾ രൂക്ഷമാകുന്നതിന് മുമ്പുതന്നെ മുൻകൂട്ടി തിരിച്ചറിയുന്ന തരത്തിലാണ് പുതിയ എ.ഐ. കമാൻഡ് സെന്റർ, രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രാദേശികമായ പരിസ്ഥിതി വിവരങ്ങളും വന്യജീവികളുടെ ചലന വിവരങ്ങളും ശേഖരിച്ചുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക ജനങ്ങൾക്കും നേരത്തെ മുന്നറിയിപ്പുകൾ നൽകാൻ ഇത് സഹായിക്കും.
ഉപഗ്രഹ ഡാറ്റ, ഗ്രൗണ്ട് സെൻസറുകൾ, ക്യാമറ ട്രാപ്പുകൾ, പൊതുജന റിപ്പോർട്ടുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഈ സംവിധാനം ഏകീകരിക്കുകയും ഒരു കേന്ദ്ര എ.ഐ. എഞ്ചിനിലേക്കു നല്കുകയുംവഴി, സംഘർഷ സാധ്യത കൂടുതലുള്ള ഉൾപ്രദേശങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്തുകൊണ്ട് കൂടുതൽ ഫലപ്രദമായി വേണ്ടനടപടികൾ കൈക്കൊള്ളുവാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൂടാതെ, വന്യജീവികളുടെ ചലനം പിന്തുടരാനും മുന്നറിയിപ്പുകൾ നൽകാനും അതനുസരിച്ച് നടപടിപദ്ധതി തയ്യാറാക്കാനും കഴിയുന്ന 46 എ.ഐ. തെർമൽ ക്യാമറകളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക ജനങ്ങൾക്കും നേരത്തെ മുന്നറിയിപ്പുകൾ നൽകുവാനും അനാവശ്യമായ ജീവഹാനി തടയാനും ഈ സംവിധാനം സഹായിക്കും.
മനുഷ്യർ വന്യമേഖലകളിലേക്ക് അനധികൃതമായി കടന്നുകയറുന്നതു തടയുവാനും കുറ്റകൃത്യങ്ങൾക്കു തടയിടുവാനും ഇതുപകരിക്കും.
കാലാവസ്ഥാ വ്യതിയാനവും വികസന സമ്മർദ്ദങ്ങളും ആവാസവ്യവസ്ഥകളിലെ സമ്മർദ്ദങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരമാവധി ലഘൂകരിച്ചുകൊണ്ട് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സുസ്ഥിര സഹവർത്തിത്വം ഉറപ്പാക്കാൻ ഈ എ.ഐ. അധിഷ്ഠിത നൂതന സംവിധാനങ്ങൾ ഭാവിയിൽ അനിവാര്യമായേക്കും.
പരിസ്ഥിതി സംരക്ഷണത്തിനും പൊതുസുരക്ഷയ്ക്കുമായി സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് തമിഴ്നാട് വനംവകുപ്പിന്റെ ഈ പദ്ധതി.



