Advt 1
India Nature Technology

അളകനന്ദ ഗ്യാലക്സി: പുരാതന ഗ്യാലക്സിയെ കണ്ടെത്തി ഇന്ത്യൻ വാനനിരീക്ഷകർ!..

പൂനെയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിലെ വാനനിരീക്ഷകർ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

മഹാവിസ്ഫോടനത്തിന് (Big Bang) ശേഷം, പ്രപഞ്ചം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലഘട്ടത്തിൽ രൂപംകൊണ്ട ഒരു കൂറ്റൻ ഗാലക്സിയെ അവർ കണ്ടെത്തിയിരിക്കുന്നു.

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ (JWST) സഹായത്തോടെ ഈ നിർണ്ണായക കണ്ടെത്തൽ നടത്തിയത് രാശി ജെയിൻ, പ്രൊഫസർ യോഗേഷ് വാഡദേക്കർ എന്നീ ഗവേഷകരാണ്.

ഗാലക്സിക്ക് ‘അളകനന്ദ’ എന്ന പേരാണ് ഇന്ത്യൻ വാനനിരീക്ഷകർ നൽകിയത്. ഇത് ഒരു ഹിമാലയൻ നദിയുടെ പേരാണ്.

ഇന്ത്യൻ ശാസ്ത്രജ്ഞമാരുടെ ഈ കണ്ടെത്തൽ പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, ഗാലക്സികളുടെ രൂപീകരണം തുടങ്ങിയവയെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രധാരണകളെപ്പോലും തിരുത്തിക്കുറിക്കുന്നതാണെന്നാണ് അഭിപ്രായമുയരുന്നത്.

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്ന വേളയിലാണ് രാശി ജെയിൻ ഈ അപൂർവ്വ ദൃശ്യം കാണുന്നത്. ഏതാണ്ട് 70,000-ത്തോളം ഖഗോള വസ്തുക്കളുടെ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനിടെ, 30,000 പ്രകാശവർഷം വിസ്തൃതിയുള്ള തികച്ചും വ്യത്യസ്തമായ ഒരു ഗാലക്സി പിഎച്ച്ഡി ഗവേഷകയായ രാശി ജെയിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിൽ രൂപംകൊള്ളുന്ന ഗാലക്സികൾ പലപ്പോഴും ക്രമരഹിതവും അരാജകവുമായ രൂപത്തിലാണ് (Irregular shapes) കാണപ്പെടാറുള്ളത്. കൃത്യമായ ആകൃതിയോ ഘടനയോ ഈ ഗ്യാലക്സികൾക്ക് ഉണ്ടാകാറില്ല.

എന്നാൽ, മധ്യഭാഗത്തെ തിളക്കമുള്ള ഡിസ്കിൽ നിന്ന് ഇരുവശങ്ങളിലേക്കും നീളുന്ന കൈകളോടുകൂടിയ (Spiral arms) ‘സ്പൈറൽ’ (ചുരുളൻ) ഘടനയാണ് രാശി ജെയിൻ കണ്ടെത്തിയ ഗാലക്സിക്കുള്ളത്. നമ്മുടെ ക്ഷീരപഥത്തിനു (Milky Way) സമാനമായ ‘സ്പൈറൽ’ (ചുരുളൻ) ഘടനയാണിത്.

ഇത്രയും വികസിത രൂപമുള്ള ഒരു ഗാലക്സി മഹാവിസ്ഫോടനത്തിന് ശേഷം വെറും 150 കോടി വർഷങ്ങൾ മാത്രം പിന്നിട്ട സമയത്ത് നിലനിന്നിരുന്നു എന്നത് ശാസ്ത്രലോകത്തിന് പുത്തൻ അറിവായിരുന്നു.

നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തേക്കാൾ 20 മുതൽ 30 മടങ്ങ് വേഗത്തിൽ അളകനന്ദ ഗാലക്സിയിൽ നക്ഷത്രങ്ങൾ രൂപംകൊള്ളുന്നുവെന്നും ക്ഷീരപഥത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ‘അളകനന്ദ’ഗാലക്സിയിൽ ഏകദേശം 1000 കോടി നക്ഷത്രങ്ങളുണ്ടെന്നുമാണ് കണക്കാക്കപ്പെടുന്നത്.‘കോസ്മിക് സ്റ്റാൻഡേർഡുകൾ’ പ്രകാരം ഇത്രയും വലിയൊരു ഡിസ്കും ഘടനയും രൂപപ്പെടുത്താൻ ഈ ഗാലക്സിക്ക് കഴിഞ്ഞത് അതിന്റെ വളരെ വേഗത്തിലുള്ള വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.