Advt 1
Nature Other Countries Top News

മഴക്കാടുകളിലെ നീല വിസ്മയം! ബ്ലൂ ക്വാണ്ടോങ് പഴങ്ങൾ…

പ്രകൃതിയിൽ യഥാർത്ഥനീല നിറമുള്ള പഴങ്ങൾ ഇല്ലെന്നായിരുന്നു ഇതുവരേയും ശാസ്ത്രലോകം കരുതിയിരുന്നത്.

എന്നാൽ മഴക്കാടുകളിലെ ഒരു അപൂർവ വൃക്ഷത്തിന്റെ നീലനിറമുള്ള പഴങ്ങൾ ഈ ധാരണകളെ പൊളിച്ചടുക്കിയിരിക്കുകയാണ്. നീല ചോളവും ബ്ലൂ ബെറിയുമൊക്കെയുണ്ടെങ്കിലും അവയ്ക്കു ഇൻഡിഗോ അല്ലെങ്കിൽ പർപ്പിൾ നിറങ്ങളുടെ ഷെയ്ഡുകളാണ് കണ്ടുവരാറുള്ളത്.

എന്നാൽ അവയിൽനിന്നെല്ലാം വ്യത്യസ്തമായി തനി നീല നിറമുള്ള പഴങ്ങളാണ് ബ്ലൂ ക്വാണ്ടോങ് മരങ്ങളിലുണ്ടാകുന്നത്. എലിയോകാര്‍പസ് ആംഗുസ്റ്റിഫോളിയസ് (Elaeocarpus angustifolius) എന്ന ശാസ്ത്രനാമമുള്ള ഈ മരം ബ്ലൂ ക്വാണ്ടോങ്, ബ്ലൂ ഫിഗ്, അല്ലെങ്കിൽ ബ്ലൂ മാർബിൾ ട്രീ എന്ന പേരുകളിലും അറിയപ്പെടുന്നു.

ഓസ്‌ട്രേലിയ, പാപ്പുവ ന്യൂഗിനി, ഇന്തോനേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ മരങ്ങൾ കാണപ്പെടുന്നത്.

ഇതിന്റെ പഴങ്ങൾക്ക് ലോഹം പോലെ തിളങ്ങുന്ന നീലനിറമാണുള്ളത്.ലോഹസദൃശ്യമായ നീല നിറമായതിനാൽ ഇൻറർനെറ്റിൽ ഇവയുടെ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ പലരും ഇതിന്റെ നിറം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന് തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

പിഗ്മെന്റുകള്‍ മൂലമാണ് സാധാരണ പഴങ്ങൾക്ക് വിവിധനിറങ്ങളുണ്ടാകുന്നത് എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ഘടനാപരമായ നിറവ്യവസ്ഥ (structural colouration) മൂലമാണ് ബ്ലൂ ക്വാണ്ടോങ് പഴങ്ങൾ നീലനിറത്തിൽ കാണപ്പെടുന്നത്. മയില്‍പീലിയിലെയും ചിത്രശലഭ ചിറകുകളിലെയും നിറഭേദങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു സമാനമായി, പ്രകാശത്തെ വക്രീകരിക്കുന്ന ഒപ്റ്റിക്കല്‍ എഫക്ട് മൂലമാണ് ഇവ നീലയായി കാണപ്പെടുന്നത്.

ബ്ലൂ ക്വാണ്ടോങ് പഴങ്ങളുടെ തൊലിയിൽ നാനോസ്‌കെയില്‍ തലത്തില്‍ പാറ്റേണുകളായി ക്രമീകരിക്കപ്പെട്ടിട്ടുള്ള സെല്ലുലോസിന്റെ അതീവ നേര്‍ത്ത പാളികളാണ് ഈ പ്രത്യേക തിളക്കത്തിനു കാരണമെന്നാണ് നേച്ചര്‍, പിഎന്‍എഎസ്(PNAS) ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് .

ഈ അതിസൂക്ഷ്മ സെല്ലുലോസ് പാളികൾ നീല പ്രകാശ തരംഗങ്ങളെ മാത്രം പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമാകുന്നത്.

ശാസ്ത്രജ്ഞര്‍ ഈ പഴത്തിൽനിന്നും നീല പിഗ്മെന്റ് വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചത് ചാരനിറമുള്ള പദാര്‍ത്ഥമാണ്. ഇതിൽനിന്നും, പഴത്തിന്റെ നീല നിറം സ്വാഭാവികമാണെന്നും അത് പിഗ്മെന്റുകളിൽ നിന്നല്ല മറിച്ച് ഘടനാപരമായ നിറവ്യവസ്ഥ (structural colouration) മൂലമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

ഇടതൂര്‍ന്ന, ഇരുണ്ട മഴക്കാടുകളിൽ തിളങ്ങുന്ന നീലനിറത്തോടെ ഇങ്ങനെ വേറിട്ടുനിൽക്കുകവഴി ഈ പഴങ്ങളെ ദൂരെനിന്നുപോലും പക്ഷികള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും വിത്തുകള്‍ പ്രചരിപ്പിക്കാനും സാധിക്കും. നീലയും അള്‍ട്രാവയലറ്റ് പ്രകാശവും വ്യക്തമായി കാണാന്‍ കഴിയുന്ന പക്ഷികളെ ആകര്‍ഷിക്കുവാനായാണ് ബ്ലൂ ക്വാണ്ടോങ് മരങ്ങളിലെ ഈ അപൂര്‍വ സവിശേഷത പരിണാമം വഴി രൂപപ്പെട്ടതെന്ന് ഗവേഷകര്‍ കരുതുന്നു. പിഗ്മെന്റുകള്‍ക്ക് പകരം ഘടനാപരമായ പ്രത്യേകതകൾ മൂലമുണ്ടാകുന്ന ഒപ്റ്റിക്കൽ ഇഫക്റ്റുകൾക്കും പ്രകൃതിയിൽ അസാധാരണ വർണവ്യതിയാനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ബ്ലൂ ക്വാണ്ടോങ് മരങ്ങൾ.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.