Advt 1
Health Technology Top News

എഐ (നിർമിത ബുദ്ധി)യുടെ അമിത ഉപയോഗം ചിന്താശേഷിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഗവേഷണ റിപ്പോർട്ടുകൾ…

ഉപന്യാസ രചനയ്ക്കോ ഡാറ്റ-വിശകലനങ്ങൾക്കോ മെയിൽ തയ്യാറാക്കുന്നതിനോ ഒക്കെയായി ഇന്ന് നാം ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് സർവസാധാരണമായിരിക്കുകയാണ്.

ഇത്തരത്തിൽ എഐ നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്ന ഈ പുതിയ പ്രവണത മനുഷ്യന്റെ സഹജമായ ചിന്താശേഷിയെയും കാര്യനിർവ്വഹണശേഷിയെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് മസ്സാച്ചുസെറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകത്തെ മുൻനിര ഗവേഷണ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

  • മസ്സാച്ചുസെറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയുടെ ഗവേഷണ പഠനങ്ങൾ നൽകുന്ന സൂചനകൾ.

ഉപന്യാസരചനകളും മറ്റ് ക്രിയേറ്റീവ് ജോലികളും എഐ ടൂളായ ചാറ്റ് ജിപിടി പോലുള്ള സംവിധാനങ്ങളുപയോഗിച്ച് നിർവഹിച്ച വിദ്യാർത്ഥികളെ നിരീക്ഷണപഠനങ്ങൾക്കു വിധേയമാക്കിയപ്പോൾ , ഇലക്ട്രോ എൻസെഫലോഗ്രാഫി (EEG) റിപ്പോർട്ടുകൾ പ്രകാരം അവരുടെ മസ്തിഷ്കത്തിലെ ന്യൂറോൺ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തുകയുണ്ടായി.

സഹജമായ  ചിന്താശേഷിയുപയോഗപ്പെടുത്താതെ എഐ നിർമിത ഉത്തരങ്ങൾ പെട്ടെന്ന് സ്വീകരിച്ചു “പണി എളുപ്പ”മാക്കുന്നതിലൂടെ മനുഷ്യന്റെ തലച്ചോർ വിശ്രമാവസ്ഥയിലേക്കുമാറുന്നതു പതിവാകുകയും ഈ ശീലം ഭാവിയിൽ നമ്മുടെ ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് പഠന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

  • വിമർശനാത്മക ചിന്താശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം..

ആളുകൾ എഐ ടൂളുകൾ നൽകുന്ന വിവരങ്ങളെ പൂർണമായി ആശ്രയിക്കുമ്പോൾ അവരിൽ വിമർശനാത്മക ചിന്താശേഷി/ക്രിട്ടിക്കൽ തിങ്കിങ്ങിനുള്ള കഴിവ് കുറഞ്ഞുവരുന്നതായും ജോലി ലളിതമാക്കുന്നതിൽ എഐ സഹായിക്കുമെങ്കിലും, സങ്കീർണമായ സാഹചര്യങ്ങളിൽ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവിനെ എഐയോടുള്ള ഈ അമിത ആശ്രിതത്വം പ്രതികൂലമായി ബാധിക്കുമെന്നുമാണ് കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയും മൈക്രോസോഫ്റ്റും ചേർന്ന് വൈറ്റ് കോളർ ജീവനക്കാരിൽ നടത്തിയ സർവ്വേയിൽ നിന്ന് ലഭിക്കുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

  • വിദ്യാഭ്യാസ മേഖലയിലെ എ ഐ സ്വാധീനവും വിഭിന്ന അഭിപ്രായങ്ങളും

വിദ്യാഭ്യാസ രംഗത്ത് എഐയുടെ സ്വാധീനം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് നടത്തിയ പഠനത്തിൽ പത്തിൽ ആറ് വിദ്യാർത്ഥികളും എഐ തങ്ങളുടെ സഹജമായ കഴിവുകളെ പിന്നോട്ടടിക്കുന്നു എന്ന് കരുതുമ്പോൾ, എഐ തങ്ങളെ കൂടുതൽ ക്രിയാത്മകമാകുവാൻ സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.

എഐ-ടൂളുകളുടെ സഹായത്തോടെ ഒരു വിദ്യാർത്ഥി മികച്ച മാർക്ക് നേടിയേക്കാമെങ്കിലും പ്രസ്തുത വിഷയത്തിൽ വിദ്യാർത്ഥികൾ ആഴത്തിലുള്ള അറിവ് നേടുന്നുണ്ടോയെന്നുള്ള ചോദ്യം നിലനിൽക്കുകയാണ്.

  • എഐ എന്ന കോംപ്ലിമെന്ററി ടൂൾ

എഐ എന്നത് പഠനത്തിന് പകരമാകേണ്ട ഒന്നല്ലന്നും , മറിച്ച് പഠനത്തെ സഹായിക്കുന്ന ഒരു അധ്യാപകനെപ്പോലെ, ഒരു കോംപ്ലിമെന്ററി ടൂളായി ഉപയോഗിക്കപ്പെടേണ്ട ഒന്നാണെന്നും സങ്കീർണമായ വിഷയങ്ങളെ കൂടുതൽ ലളിതമാക്കി നൽകാനും ആശയങ്ങൾ ചിട്ടപ്പെടുത്താനും എഐ ഉപയോഗിക്കുന്നത് ഗുണകരമാണെന്നും നിർമിത ബുദ്ധിയിലെ ലോകത്തെ അതികായകരായ ഓപ്പൺ എഐ കമ്പനി വ്യക്തമാക്കുന്നു.

സഹജമായ ചിന്താശേഷിയെ പൂർണമായും അവഗണിച്ചുകൊണ്ട്, സാങ്കേതികവിദ്യയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്ന പ്രവണത കുറച്ചുകൊണ്ട്, സാങ്കേതികവിദ്യയെ എങ്ങനെ വിവേകത്തോടെയുപയോഗിക്കാമെന്ന് കുട്ടികളെയും ജീവനക്കാരെയും പരിശീലിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാർഗമായി വിലയിരുത്തപ്പെടുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.