Advt 1
Agriculture Food Health

കുറഞ്ഞചിലവ്…കൂടുതൽ പോഷകമൂല്യം! അറിയാം അഗസ്ത്യ ചീരയെ!

ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട മുരിങ്ങയോട് സാദൃശ്യമുള്ള  ഒരു ചെറുമരമാണ്‌ അകത്തി അല്ലെങ്കിൽ അഗസ്ത്യ ചീര.തമിഴിൽ അഗത്തി, തെലുങ്കിൽ അവിസ, കന്നഡയിൽ അഗസെ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ വിവിധ പ്രാദേശിക നാമങ്ങളിലാണ് ഇതറിയപ്പെടുന്നത്.

അഗസ്ത്യ എന്ന പേരിൽനിന്നുതന്നെ ഇതിന്റെ ഔഷധമൂല്യത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതാണ്. അഗത്തി ചീര എന്ന നാമം ഉടലെടുക്കുന്നത് തന്നെ അഗസ്ത്യമുനിക്ക് പ്രിയപ്പെട്ട സസ്യം എന്ന നിലയ്ക്കാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

6 മീറ്റർ മുതൽ 8 മീറ്റർ വരെ ഈ സസ്യം വളരാറുണ്ട് . ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയിൽ വേഗത്തിൽ വളരുന്ന ഈ വൃക്ഷം ഫിലിപ്പീൻസ്, മലേഷ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ സാധാരണമാണ്.

അഗത്തിയുടെ പൂവും ഇലയും ഔഷധമായും ആഹാരമായും ഉപയോഗിക്കുന്നുണ്ട്. വെള്ള, നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പൂക്കൾ കാണപ്പെടുന്നു. വെള്ള, ചുവപ്പ് നിറങ്ങളിലെ പൂക്കളാണ് വിഭവങ്ങൾ തയാറാക്കുന്നതിന് കൂടുതൽ ഉപയോഗിക്കുന്നത്,ബാക്കിയുള്ളവ ഔഷധങ്ങൾക്കും ഉപയോഗിക്കുന്നു.

ഗുണം കൂടുതൽ ചുവന്നപൂക്കൾക്കും രുചി വെളുത്തപൂവിനുമാണ്.ഇലക്കറിയായി പാകംചെയ്യുവാൻ അനുയോജ്യം വെളുത്ത അകത്തിപ്പൂക്കളാണ്.

മുരിങ്ങയുടെ ഇളംകായയുമായി സാദൃശ്യമുള്ള അകത്തിക്കായക്ക് 50-70 സെ.മീ. വരെ നീളമുണ്ടാവും.സാധാരണ, ഒക്ടോബർ- നവംബർ മാസങ്ങളിലാണ് അകത്തി പുഷ്പിക്കുന്നത്.

അഗത്തീച്ചീരയുടെ ഇലയിൽ മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം സി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാച്ചൂറൽ അയഡിൻ അടങ്ങിയ ഇലക്കറി(Leafy vegetable) കൂടിയാണിത്.

ഡയബറ്റിസ്,അമിത കൊളസ്ട്രോൾ, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുള്ളവർ പതിവായി ഭക്ഷണത്തിൽ അഗത്തിചീരയുടെ ഇലകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


തോരൻ, പരിപ്പ് ചേർത്ത കറി ഇങ്ങനെ പലതരത്തിലുള്ള വിഭവങ്ങളായി അഗത്തി ഇലകൾ ഉപയോഗിക്കാറുണ്ട്.

കുറഞ്ഞചിലവിൽ കൂടുതൽ പോഷകമൂല്യമുറപ്പുതരുന്ന അകത്തി ചീര നമ്മുടെ വീട്ടുവളപ്പുകളിലും വിത്തുപാകി വളരെയെളുപ്പത്തിൽ മുളപ്പിച്ചെടുക്കാവുന്നതാണ്.

വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും ആയുർവേദത്തിൽ ഔഷധമായും ഉപയോഗിക്കാറുണ്ട്. വേരുകൾക്ക് അന്തരീക്ഷ നൈട്രജൻ സ്വീകരിക്കാനുള്ള കഴിവുള്ളതിനാൽ അഗത്തിചീര കൃഷി മണ്ണിന്റെ ആരോഗ്യവും ഫലപുഷ്ടിയും വർധിപ്പിക്കുന്നതായും പഠനങ്ങളുണ്ട്.

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.