ന്യൂഡൽഹി: ഇന്ത്യ -യു എസ് വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പും ഫോൺ സംഭാഷണം നടത്തി.
വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് സംഭാഷണത്തിൽ ചർച്ചയായതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
“ഇന്ത്യ ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൻ്റെ ആസ്ഥാനമാണ്. ഇന്ത്യ വിസ്മയകരമായൊരു രാജ്യവും ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന പ്രധാന പങ്കാളിയുമാണ്. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു വലിയ സുഹൃത്താണ്”- പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ്, ഇത്തരത്തിലാണ് എംബസ്സിയുടെ എക്സ് സന്ദേശത്തിലുള്ളത്.
പ്രസിഡൻ്റ് ട്രംപുമായി വളരെ ഊഷ്മളവും മികച്ചതുമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരുനതാക്കളും വിലയിരുത്തുകയും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായും ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടർന്നും ഒന്നിച്ചുപ്രവർത്തിക്കുമെന്നും ട്രംപുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി മോദി കുറിച്ചിട്ടുണ്ട്.
യുഎസ് വിലക്കിയിട്ടും ഇന്ത്യ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടർന്നതിനു പിന്നാലെ ട്രംമ്പ് അധികതീരുവ ചുമത്തുകയും അത് യുഎസ്-ഇന്ത്യ ബന്ധത്തിന് മങ്ങലേൽപ്പിക്കുകയും തീരുവകൾ അന്യായമാണെന്ന് ഇന്ത്യ ആവർത്തിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ കൈകാര്യം ചെയ്യുന്ന രീതിയെ നിരവധി യുഎസ് നേതാക്കൾ വിമർശിച്ചിരുന്നു.
ഇന്ത്യയെ റഷ്യയോട് കൂടുതൽ അടുപ്പിക്കാൻ ട്രംപിന്റെ നയങ്ങൾ കാരണമായെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.ഒക്ടോബറിനു ശേഷം മോദിയും ട്രംപും തമ്മിൽ നടത്തുന്ന നേരിട്ടുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്.
ഇന്ത്യ യുഎസ് വ്യാപാര തർക്കങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ സംഭാഷണം നടന്നത്.



