തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നു .
ജനവാസമേഖലകൾ ആക്രമിക്കപ്പെടുന്നതായും നിരവധി സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതായും ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുമ്പോൾ പലായനം ചെയ്യുന്നവരുടെ എണ്ണം 5 ലക്ഷം കടന്നതായാണ് റിപോർട്ടുകൾ.
സൈനികരും സാധാരണ പൗരന്മാരും ഉൾപ്പെടെ ഇരുവശത്തും 33 പേരോളം ഈയടുത്ത ദിനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഇരുരാജ്യങ്ങളും തമ്മിലുള്ള 817 കിലോമീറ്റർ അതിർത്തി പ്രദേശങ്ങളിലാണ് നിലവിൽ കാര്യമായ പോരാട്ടം നടക്കുന്നത്.
മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും ഇത് കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള പ്രശ്നമാണെന്നും ചർച്ചയ്ക്കു തയാറല്ലെന്നും തായ് പ്രധാനമന്ത്രി അനുതിൻ ചാൺവീരാകോൽ പ്രതികരിച്ചു.കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ട്രംപ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്ന് തായ്‌ലൻഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, കംബോഡിയ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണു ചെയ്യുന്നതെന്നും സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നും കംബോഡിയ സർക്കാർ വക്താവ് പെൻ ബൊന പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിൽ 43 പേര്‍ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നാലെ, അന്താരാഷ്ട്ര ഇടപെടലിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളും ഒക്ടോബര്‍ 26ന് സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പുരാതനഹിന്ദു ക്ഷേത്രമായ പ്രീഹ് വിഹാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപെട്ടാണ് തർക്കം രൂക്ഷമായത്. 2008-ൽ തർക്കപ്രദേശത്തുള്ള 11-ാം നൂറ്റാണ്ടിലെ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി രജിസ്റ്റർ ചെയ്യാൻ കംബോഡിയ ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിക്കുകയായിരുന്നു.
തുടർന്ന് തായ്‌ലൻഡ്– കംബോഡിയ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ സംഘർഷങ്ങൾ ഉണ്ടാകുകയും ഇരുവശങ്ങളിലുമുള്ള സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായിത്തീർന്നു.
നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ നിലവിലെ ഗുരുതരമായ സംഘര്‍ഷങ്ങൾ യുദ്ധത്തിലേക്ക് വഴിതെളിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തി പ്രശ്‌നത്തില്‍ സംയമനം പാലിക്കക്കണമെന്ന് ഇന്ത്യയും തായ്‌ലന്‍ഡിനോടും കംബോഡിയയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.



