കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടികള്‍ ആരാധക പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി.കാത്തിരിപ്പിനൊടുവിൽ മെസിയെ ഒരു നോക്ക് കാണാനായി സ്റ്റേഡിയത്തിലെത്തിയ പതിനായിരക്കണക്കിന് ആരാധകർക്ക് അദ്ദേഹത്തെ കാണാനാനായില്ല.
വലിയ തുക മുടക്കി ടിക്കറ്റെടുത്തിട്ടും മെസ്സിയെ ശരിക്കും കാണാൻ കഴിയാതെപോയതിന്റെ നിരാശയിൽ കാണികൾ അക്രമാസക്തരായി.മെസി ഗ്രൗണ്ടിൽനിന്നു മടങ്ങിയതിനു പിന്നാലെ ആരാധകർ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞത് സംഘർഷം സൃഷ്ടിച്ചു.
50,000 ല്‍ അധികം ആളുകൾ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയിരുന്നു. 5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ടും മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ നിരാശയിലായ ആരാധകരാണ് അക്രമാസക്തരായി മാറിയത്.
3 ദിവസം നീളുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ പരിപാടിയ്ക്കായി ശനിയാഴ്ച പുലർച്ചെയാണ് മെസ്സി ഇന്ത്യയിലെത്തിയത്.
അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരും മെസ്സിക്കൊപ്പം വന്നിട്ടുണ്ട്.
ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയും സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവർ രണ്ടുപേരും എത്തിയിരുന്നില്ല.
മെസ്സി കളിക്കുന്നത് കാണുമെന്നോ കൂടുതൽ സമയം മൈതാനത്ത് ചെലവഴിക്കുമെന്നോ പ്രതീക്ഷിച്ചതിനാൽ നിരവധി ആരാധകർ നിരാശരായതായി പശ്ചിമ ബംഗാൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കുമാർ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. നിരാശരായ ടിക്കറ്റ് ഉടമകൾക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.
ഇന്ന് രാവിലെ ശ്രീഭൂമി സ്പോർടിങ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസ്സി പ്രതിമ മെസ്സി താമസസ്ഥലത്തുനിന്നും വെർച്വലായി അനാവരണം ചെയ്തിരുന്നു.
ഡിസംബർ 14 ന് മുംബൈയിലെ പൊതുപരിപാടികളിൽ പങ്കെടുത്തതിനുശേഷം മെസ്സി പിറ്റേന്ന് (ഡിസംബർ 15ന്) ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.



