ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ ഇൻഡിഗോക്കെതിരെ കടുത്ത നടപടികൾക്ക് കേന്ദ്രസർക്കാർ.
ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി ആ സ്ലോട്ടുകൾ മറ്റ് വിമാന കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു വ്യക്തമാക്കി. ഇൻഡിഗോ വിമാന സർവീസുകളിൽ 5% കുറവ് വരുത്തി (ഏകദേശം 110 പ്രതിദിന ഫ്ലൈറ്റുകൾ) അവ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകാൻ സാധ്യതയുണ്ട്. ആദ്യം 5% സർവീസുകൾ കുറയ്ക്കുവാനും വേണ്ടി വന്നാൽ വീണ്ടും 5% കുറയ്ക്കുവാനും ആലോചനയുണ്ട്.
ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇൻഡിഗോയുടെ ഫ്ലൈറ്റുകൾ വെട്ടിക്കുറച്ച് അവ മറ്റുള്ള കമ്പനികൾക്ക് നൽകാൻ തീരുമാനമായത്.
വിമാന സർവീസ് പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതൽ നടപടി കൂടിയാണിത്. ഡിജിസിഎ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും പിഴ ചുമത്തുകയും ഉന്നത എയർലൈൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും .
ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളും ശീതകാല ഷെഡ്യൂൾ മാറ്റങ്ങളുമാണ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്തതിന്റെ കാരണമായി ഇൻഡിഗോ ഡിജിസിഎക്ക് മറുപടി നൽകിയത്. വിശദ വിശകലനത്തിന് കൂടുതൽ സമയവും ഇൻഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്.
ശീതകാല ഷെഡ്യൂൾ മാറ്റങ്ങൾ, സാങ്കേതിക തകരാറുകൾ, മോശം കാലാവസ്ഥ, വിമാനത്താവളത്തിലെ ജനത്തിരക്ക്, നവംബർ 1 മുതൽ പുതുതായി പ്രാബല്യത്തിലായ FDTL നിയമങ്ങൾ എന്നിവയെല്ലാമാണ് ഇൻഡിഗോയുടെ സർവീസിനെ സാരമായി ബാധിച്ചത്.
പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഇൻഡിഗോ ഡിജിസിഎയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.



