നടിയെ ആക്രമിച്ച കേസിൽ, കേരളം ഏറെ ഉറ്റുനോക്കിയ വിധിപ്രസ്താവത്തിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന് സൂചന.
അന്വേഷണസംഘം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ തെറ്റായ പ്രോസിക്യൂഷൻ നടപടി ചൂണ്ടിക്കാട്ടിയാണ് ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
ഡിസംബർ 12ന് കേസിലെ അന്തിമവിധിയിൽ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ദിലീപിൻറെ തുടർന്നുള്ള നീക്കങ്ങൾ.കേസിലെ ആദ്യ ആറു പ്രതികളുടെ ശിക്ഷാ വിധി വരുന്നത് അന്നാണ്.
ഗൂഢാലോചനയുടെ ഇര താനാണെന്നും തന്നെ കുടുക്കുവാനായി ബോധപൂർവ്വമായ ശ്രമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിട്ടുള്ളതായും ദിലീപ് പറയുന്നു.
കോടതിയുടെ ഭാഗത്തുനിന്നും പ്രോസിക്യൂഷനെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ടാകുമെന്ന് ദിലീപ് പ്രതീക്ഷിക്കുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചപ്പോൾ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷന് ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുവാനായില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.



