സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചേക്കും.
2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർഥികളുൾപ്പടെ 9 പേർ ബസ്സപകടത്തിൽ മരിച്ച സംഭവത്തെത്തുടർന്നായിരുന്നു ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത കളർ കോഡ് എന്ന നിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തിയത്.
ടൂറിസ്റ്റ് ബസുകളിലെ വിവിധ വർണങ്ങൾ, ഗ്രാഫിക്സുകൾ ഉയർന്ന പ്രകാശവും വലിയ മുഴക്കവും പുറപ്പെടുവിക്കുന്ന ലൈറ്റിംഗ്, സ്പീക്കർ സംവിധാനങ്ങൾ എന്നിവ അപകടത്തിന് കാരണമാകുന്നെന്ന വകുപ്പുതല അന്വേഷണ കണ്ടെത്തലിനെത്തുടർന്നായിരുന്നു വെള്ള നിറം നിർബന്ധമാക്കിയ ഏകീകൃത കളർ കോഡ് നിയമം കേരളത്തിൽ പ്രാബല്യത്തിലായത്.
ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയാൽ അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുമെന്നും തന്മൂലം അപകടസാധ്യതകൾ കുറയ്ക്കുവാൻ കഴിയുമെന്നുമായിരുന്നു ന്യായം.
എന്നാൽ ഈ നിയമം കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകളുടെ ഓട്ടത്തെ ബാധിക്കുന്നുണ്ടെന്നും കേരളത്തിലെ വിനോദസഞ്ചാര യാത്രകൾക്ക് ആളുകൾ ഈ നിയമം ബാധകമല്ലാത്ത അയൽസംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസ്സുകളെ ആശ്രയിക്കുകയാണെന്നും ടൂറിസ്റ്റ് ബസ്സുടമകളുടെ പരാതി ഉയർന്നിരുന്നു. തിങ്കളാഴ്ച ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ് ടി എ) യോഗത്തിൽ ഈ പരാതി ഉന്നയിക്കപ്പെട്ടു, തുടർന്ന് വെള്ള കളർ നിർബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കപ്പെടുകയായിരുന്നു. എന്നാൽ ടൂറിസ്റ്റ് ബസുകളിലെ ഗ്രാഫിക്സ് കട്ടൗട്ടുകൾക്ക് നിയന്ത്രണം തുടരും.



