ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ആപ്പിൽ പുതുതായി വന്നിട്ടുള്ള പോക്കറ്റ് മണി ഫീച്ചർ ചിഹ്നത്തിൽ തൊട്ടാലുടൻ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എളുപ്പം പണം നഷ്ടമാകും എന്ന് വിവരിക്കുന്ന ഒരു ശബ്ദസന്ദേശം അടുത്തിടെ വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭയപ്പെടുത്തുന്ന വ്യാജ സന്ദേശത്തെ തുടർന്ന് അക്കൗണ്ടിലെ പണം നഷ്ടപ്പെടുമോ എന്ന ഭയത്താൽ പലരും തങ്ങളുടെ ഫോണുകളിൽ നിന്നും ഗൂഗിൾ പേ ആപ്പ് വരെ ഡിലീറ്റ് ചെയ്തിരുന്നു.
ഗൂഗിൾ പേ അവതരിപ്പിച്ച ഗൂഗിൾ സർക്കിൾ പോക്കറ്റ് മണി ഫീച്ചറിനെ കുറിച്ചായിരുന്നു ഈ വ്യാജസന്ദേശം പ്രചരിച്ചത്.
ഗൂഗിൾ പേ ആപ്പ് തുറക്കുമ്പോൾ ലാസ്റ് ട്രാൻസാക്ഷൻ നടത്തിയ വ്യക്തിയുടെ പേരിനടുത്തായി 2 പേര് കൈകൊടുക്കുന്ന തരത്തിലുള്ള ഒരു ചിഹ്നവും പോക്കറ്റ് മണി എന്ന എഴുത്തും കാണാൻ സാധിക്കും. ഇത് അക്കൗണ്ടിലെ പണം ചോർത്താനുള്ള എന്തെങ്കിലും തട്ടിപ്പല്ല, മറിച്ച് സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഡെബിറ്റ് കാർഡോ ഇല്ലാത്ത കുട്ടികൾക്കും സ്വന്തമായി അക്കൗണ്ട് ഉണ്ടായിട്ടും അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രായമായവർക്കും സുരക്ഷിതമായി ഡിജിറ്റൽ പേയ്മെന്റ് നടത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ആണ്.
ഇതുവഴി ഒരു പ്രാഥമിക/പ്രധാന ഉപയോക്താവിന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വിശ്വസ്തരായ ദ്വിതീയ ഉപയോക്താക്കൾക്ക് (സുഹൃത്തുക്കൾ/കുടുംബം) ഡിജിറ്റൽ പേയ്മെന്റിന് അധികാരം നൽകാനാവും.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അഥവാ NPCI ഔദ്യോഗികമായി അവതരിപ്പിച്ച UPI സർക്കിൾ സംവിധാനത്തിന്റെ പ്രായോഗിക രൂപമാണ് പോക്കറ്റ് മണി ഫീച്ചർ.
സാധാരണ ഗൂഗിൾ പേ ഉപയോഗിക്കണമെങ്കിൽ അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ് എന്നാൽ ഭൂരിഭാഗം കുട്ടികൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാകാറില്ല. ഈ പ്രശ്നം പരിഹരിക്കുവാനാണ് ഗൂഗിൾ പേ ഈ പുതിയ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് വഴി സുരക്ഷിതമായി UPI ഇടപാട് നടത്തുവാൻ അവസരം നൽകുന്ന ഈ സംവിധാനം, കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോഴോ മറ്റാവശ്യങ്ങൾക്ക് വേണ്ടിയോ പോക്കറ്റ് മണി നൽകിയിരുന്ന രക്ഷകർത്താക്കളുടെ ആ പഴയ പതിവിന്റെ പുതിയ ഡിജിറ്റൽ രൂപമാണ്. കുട്ടികൾ അനാവശ്യമായി പണം കയ്യിൽ വയ്ക്കുന്നതിന്റെ അസൗകര്യവും അത് നഷ്ടപ്പെട്ടുപോകുവാനുള്ള സാധ്യത ഇല്ലാതെയാക്കുവാനും തങ്ങളുടെ കുട്ടികൾ ഏതൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പോക്കറ്റ് മണി ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുവാനും പുതിയ ഫീച്ചർ സഹായിക്കും.
പ്രധാന ഉപയോക്താവിന്/മാതാപിതാക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഒരു സജീവ ഗൂഗിൾ പേ അക്കൗണ്ടിലേക്കു 5 പേരെ വരെ സെക്കന്ററി ഉപയോക്താക്കളാക്കി ചേർക്കുവാൻ കഴിയുന്നതാണ്. ഇങ്ങനെ സെക്കന്ററി ഉപയോക്താക്കളാക്കി ചേർക്കപ്പെടുന്ന കുട്ടികൾക്കോ പ്രായമുള്ളവർക്കോ പണമിടപാടുകൾക്കായി സ്വന്തമായി എടിഎം കാർഡോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല, അവരുടെ ഫോണിൽ ഗൂഗിൾ പേ ആപ്പും ഒരു മൊബൈൽ നമ്പറും മാത്രം മതിയാകും.
പ്രധാന ഉപയോക്താവ് തങ്ങളുടെ ഫോണിൽ നിന്നും സെക്കന്ററി ഉപയോക്താവിന് ഒരു ക്ഷണം അല്ലെങ്കിൽ ഇൻവിറ്റേഷൻ അയക്കുകയും അത് സ്വീകരിക്കുന്നതോടുകൂടി രണ്ടുപേരുടെയും ഗൂഗിൾ പേ അക്കൗണ്ടുകൾ തമ്മിൽ കണക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷം സെക്കന്ററി ഉപയോക്താവ് QR കോഡ് സ്കാൻ ചെയ്യുമ്പോളോ ഗൂഗിൾ പേ വഴി പണമിടപാട് നടത്തുകയോ ചെയ്യുമ്പോൾ പ്രധാന ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാകും പണം ഈടാക്കുക. പുതിയ പോക്കറ്റ് മണി ഫീച്ചറിനൊപ്പം ഗൂഗിൾ പേ ആപ്പ് കൃത്യമായ നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രധാന ഉപയോക്താവിന്/ രക്ഷാകർത്താവിന് 2 രീതിയിൽ ഈ സംവിധാനം ക്രമീകരിക്കുവാൻ സാധിക്കും.
പ്രതിമാസ ചെലവുകൾക്ക് ഒരു പരിധി നിശ്ചയിച്ചുകൊണ്ടുള്ള രീതി, ഒരു കുട്ടിയ്ക്ക് മാതാപിതാക്കൾ ഒരു മാസത്തേക്ക് 2000 രൂപ ആണ് പോക്കറ്റ് മണിയായി നല്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 2000 രൂപ ഒരു മാസത്തേക്ക് എന്നരീതിയിൽ ജിപേയിൽ പരിധി ക്രമീകരിക്കുവാനാകും. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ സെക്കന്ററി ഉപയോക്താവിന് പണം ചെലവഴിക്കുവാൻ സാധിക്കുകയുള്ളു. കുട്ടികൾ എവിടെയൊക്കെ പണം ചെലവാക്കി എന്ന് തങ്ങളുടെ ഫോണിലൂടെ കൃത്യമായി മനസ്സിലാക്കുവാൻ മാതാപിതാക്കൾക്ക് സാധിക്കും.
രണ്ടാമത്തെ രീതി, സെക്കന്ററി ഉപയോക്താവ് തങ്ങളുടെ ഫോൺ മുഖേന പണം ചെലവഴിക്കുമ്പോൾ ഓരോ തവണയും പ്രധാന അക്കൗണ്ട് ഉടമയോട് അനുവാദം ചോദിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ചെറിയ കുട്ടികൾക്ക് വേണ്ടിയാണ് ഈ ഫീച്ചർ.
ഈ രീതിയിൽ പണം കൈകാര്യം ചെയ്യുമ്പോൾ, കുട്ടികൾ പണമിടപാടിനായി ഒരു QR കോഡ് സ്കാൻ ചെയ്യുമ്പോൾ ഉടനടി ട്രാൻസാക്ഷനിലേക്ക് കടക്കുന്നതിന് പകരം മാതാപിതാക്കളുടെ ഫോണിലേക്കു റിക്വസ്റ്റ് നോട്ടിഫിക്കേഷൻ പോകുന്നു, എവിടെ നിന്നാണ്? എന്താവശ്യത്തിനാണ്? പണം ചെലവാക്കുന്നത് എന്ന് മനസ്സിലാക്കിയതിനു ശേഷം മാതാപിതാക്കൾ തങ്ങളുടെ ഫോണിൽ UPI പിൻ നമ്പർ നൽകി ട്രാൻസാക്ഷന് അനുമതി നൽകിയെങ്കിൽ മാത്രമേ ഇടപാട് പൂർത്തിയാവുകയുള്ളു. ഇതിലൂടെ, ഓൺലൈൻ ഗെയിമുകൾക്കും മറ്റു ഓൺലൈൻ ഷോപ്പിംഗുകൾക്കും പണം അനാവശ്യമായി ചെലവഴിക്കുന്ന കുട്ടികളുടെ പ്രവണത മാതാപിതാക്കൾക്ക് തടയുവാനാകും. കുട്ടികളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള നിയന്ത്രണവും സാമ്പത്തിക അച്ചടക്കവും സാധ്യമാകും. ഗ്രാമീണ മേഖലയിലുള്ളവരെയും ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത സാധാരണക്കാരെയും കൂടി ഡിജിറ്റൽ വിനിമയത്തിന്റെ ഭാഗമാക്കുകയും സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും വിശ്വസ്തവും കുടുംബകേന്ദ്രീകൃതവുമാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ പോക്കറ്റ് മണി ഫീച്ചർ സംവിധാനം.



