പ്രൊജക്റ്റ് ചീറ്റാ പദ്ധതി മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുന്നു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സ്ഥിചെയ്യുന്ന കുനോ നാഷണൽ പാർക്കിൽ 4 ചീറ്റ കുഞ്ഞുങ്ങൾകൂടി പിറന്നു. ചീറ്റകളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനി ചീറ്റയുടെ 6 കുഞ്ഞുങ്ങളിൽ ഒരാളായ KGP- 2 ആണ് 4 ചീറ്റകുഞ്ഞുങ്ങൾക്ക് (ഏപ്രിൽ 11, ശനിയാഴ്ച്ച) ജന്മം നൽകിയത്. ഇന്ത്യയിൽ ജനിച്ച ചീറ്റകളുടെ രണ്ടാം തലമുറയെയാണ് KGP- 2 പ്രതിനിധീകരിക്കുന്നത്. KGP- 2 ചീറ്റയ്ക്ക് 25 മാസമാണ് ഇപ്പോൾ പ്രായം.
കുനോ നാഷണൽ പാർക്കിലെ, ഇതുവരെയുള്ള ചീറ്റ ജനനങ്ങളെല്ലാം വേലികെട്ടിതിരിച്ച് സംരക്ഷിച്ചിട്ടുള്ള ‘സംരക്ഷിത മേഖല’ യിലായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കുനോയിലെ സ്വാഭാവിക വനത്തിൽ തന്നെയായിരുന്നു ചീറ്റയുടെ പ്രസവം.
ചീറ്റക്കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് വെറ്ററിനറി സംഘം വിലയിരുത്തുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നിരിക്കുകയാണ്. കുഞ്ഞുങ്ങളും മുതിർന്ന ചീറ്റകളും ഉൾപ്പെടെ 54 ചീറ്റകൾ കുനോ നാഷണൽ പാർക്കിലും ബാക്കി 3 മുതിർന്ന ചീറ്റകൾ ഇന്ത്യയിലെ ചീറ്റകളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ഇപ്പോഴുള്ളത്.



