ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ ഏഴ് പതിറ്റാണ്ടുകൾക്ക് ഇപ്പുറം പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോകത്തിലെതന്നെ ആദ്യത്തെ ഭൂഖണ്ഡാന്തര വന്യ മാംസഭോജികളുടെ ട്രാൻസ്‌ലോക്കേഷൻ പ്രോജക്റ്റാണ് പ്രൊജക്റ്റ് ചീറ്റാ പദ്ധതി.
IUCN സംഘടനയുടെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ച് 2022 ൽ ആണ് ഇന്ത്യ പ്രൊജക്റ്റ് ചീറ്റ പദ്ധതി ആരംഭിക്കുന്നത്.
വന്യജീവികളേയും അവയുടെ ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രൊജക്റ്റ് ചീറ്റയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ആരംഭം കുറിച്ചത് 2009- ലാണ്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA), മധ്യപ്രദേശ് വനം വകുപ്പുമായും വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായും (WII) സഹകരിച്ചാണ് പ്രൊജക്റ്റ് ചീറ്റ നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാനും വിലയിരുത്താനും ഉപദേശം നൽകാനും 2023-ൽ NTCA ചീറ്റ പ്രൊജക്റ്റ് സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാപിച്ചിരുന്നു.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ ചീറ്റകളുള്ള തെക്കൻ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നുമായിരുന്നു ഇന്ത്യയിലേക്ക് പ്രൊജക്ടിന്റെ ഭാഗമായി ആദ്യം ചീറ്റകളെ എത്തിച്ചത്. ലോകത്ത് ആകെ 6500 മുതൽ 7100 ചീറ്റകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത് എന്നാണ് കണക്ക്. ഇതിൽത്തന്നെ ബഹുഭൂരിപക്ഷവും വസിക്കുന്നത് തെക്ക്, കിഴക്കൻ ആഫ്രിക്കയിലാണ്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ചീറ്റകൾ ആകെ അവശേഷിക്കുന്നത് ഇറാനിലാണ്, ഇവയുടെ ഇപ്പോഴത്തെ എണ്ണം വെറും 12-ൽ താഴെയാണെന്നാണ് വിവരം. അതിഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ ലിസ്റ്റിലാണ് ഏഷ്യൻ ചീറ്റകൾ ഉൾപ്പെട്ടിട്ടുള്ളത്.
2022 സെപ്റ്റംബർ 17 ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമീബിയൻ ചീറ്റകളുടെ ആദ്യ ബാച്ചിനെ തുറന്നുവിടുകയായിരുന്നു.
പിന്നീട് സൗത്ത് ആഫ്രിക്കയിൽ നിന്നും ഫെബ്രുവരി 2023-ൽ 12 ചീറ്റകളെ കൂടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു.
5 വർഷം കൊണ്ട് 50- ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കുവാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
ഇന്ത്യയിൽ പിറന്ന, 33 മാസം പ്രായമുള്ള ‘മുഖി’ എന്ന് പേരുള്ള ചീറ്റ ഇക്കഴിഞ്ഞ 2025 നവംബർ 20 ന് 5 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത് ചീറ്റ പദ്ധതിയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറി.
2025 ഡിസംബർ 4, അന്താരാഷ്ട്ര ചീറ്റ ദിനത്തിൽ രാജ്യം ചീറ്റ പ്രോജക്ടിന്റെ ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു, ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 32 ൽ എത്തി, ഇതിൽ 21 എണ്ണവും ഇന്ത്യയിൽ ജനിച്ചവയായിരുന്നു. ഇതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ‘പ്രൊജക്റ്റ് ചീറ്റ’ പദ്ധതിയെ ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിന്റെ പുനരുജ്ജീവനമായി പ്രശംസിക്കുകയും ചീറ്റകളെ പുനരധിവസിപ്പിക്കുവാൻ സഹായിച്ചതിന് നമീബിയയ്ക്ക് നന്ദി പറയുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നും 9 ചീറ്റകളെ കൂടി 2026 ഫെബ്രുവരിയിൽ കുനോ നാഷണൽ പാർക്കിലെത്തിച്ചു.
നമീബിയയിൽ നിന്നും കുനോയിലെത്തിയ ചീറ്റ ‘ആശ’ ഫെബ്രുവരി 7ന് 5 കുട്ടികളെ പ്രസവിച്ചു, ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിച്ച ‘ഗാമിനി’ എന്ന് പേരുള്ള ചീറ്റ 2026 ഫെബ്രുവരി 18 നു 3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ഇതിനുപുറമേ, നമീബിയയിൽ നിന്നും എത്തിച്ച ‘ജ്വാല’ എന്ന ചീറ്റ 2026 മാർച്ച് 9-ന് 5 കുഞ്ഞുങ്ങളെ പ്രസവിച്ചതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു.
ചീറ്റ പുലികൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ ഒരുക്കി അവയുടെ പ്രജനന സംഖ്യ വർധിപ്പിക്കുക, ചീറ്റകളുടെ പുനരധിവാസത്തിലൂടെ ഇന്ത്യയിലെ തുറന്ന വനങ്ങളും സാവന്ന ( സമതല പ്രദേശം ) ആവാസവ്യവസ്ഥയും പുനഃസ്ഥാപിക്കുക,ചീറ്റകളുടെ പുനരധിവാസത്തിനായി തെരെഞ്ഞെടുക്കപ്പെട്ട മേഖലകളിൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ട്ടിച്ചുകൊണ്ട് പരിസ്ഥിതി വികസനവും പരിസ്ഥിതി ടൂറിസവും പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സാമൂഹിക അവബോധം വർദ്ധിപ്പിച്ചുകൊണ്ട് മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുക എന്നിവയാണ് പ്രൊജക്റ്റ് ചീറ്റാ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്രൊജക്ടിന്റെ ആദ്യവർഷങ്ങളിൽ ചീറ്റകളുടേയും കുഞ്ഞുങ്ങളുടെയും മരണങ്ങളുൾപ്പെടെ നിരവധി തിരിച്ചടികളുണ്ടായെങ്കിലും കർശനമായ നിരീക്ഷണങ്ങളിലൂടെയും കൃത്യമായ പരിപാലന സംവിധാനങ്ങളിലൂടെയും സ്ഥിരതയുള്ള പ്രജനനനിരക്ക് കൈവരിക്കുവാൻ സാധിച്ചത് പ്രൊജക്റ്റ് ചീറ്റയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
2032 ആകുമ്പോഴേക്കും ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 നും 70 നും ഇടയിൽ എത്തിക്കുവാനും ചീറ്റകളുടെ വംശവർദ്ധനവിൽ സുസ്ഥിരത കൈവരിക്കുവാനുമാണ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്.



