ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണ വിതരണം ഏതാണ്ട് സ്തംഭിച്ച മട്ടായിരുന്നു, എന്നാൽ ഇന്ത്യൻ പതാക വഹിക്കുന്ന ചില എണ്ണ കപ്പലുകൾക്ക് ഹോർമുസ് കടന്നുവരുവാൻ നിബന്ധനകളോടെ ഇറാൻ ഇളവുകൾ നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്.
പുഷ്പക്, പരിമൾ എന്നിങ്ങനെ പേരുകളുള്ള 2 ഇന്ത്യൻ ടാങ്കർ ഷിപ്പുകൾക്കാണ് ഹോർമുസ് കടന്നു വരുവാൻ ഇറാൻ അനുവാദം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് മേഘല കടന്നുവരുവാൻ ഇറാന്റെ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ച്ചിയും തമ്മിൽ ഇത് സംബന്ധിച്ചു ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയിൽനിന്നും ഹോർമുസ് വഴിക്കുള്ള എണ്ണ-പ്രകൃതിവാതക കപ്പലുകളുടെ സുരക്ഷയെ സംബന്ധിച്ച് നടന്ന മൂന്നാംവട്ട ചർച്ചയെ തുടർന്നാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവനുവദിച്ചത് എന്നാണ് വിവരം.
അമേരിക്ക-യൂറോപ്പ്-ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നിലവിൽ നിരോധനമുണ്ട്. ഹോർമുസിൽ കപ്പൽവേധ മിസൈലുകളും മൈനുകളും ഒരുക്കി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകൾക്ക് വലിയ വെല്ലുവിളിയാണ് ഇറാൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതേതുടർന്ന് ഹോർമുസ് വഴിക്കുള്ള ആഗോള എന്ന വിതരണ ശൃംഖല വലിയ തോതിൽ തടസ്സപ്പെടുകയായിരുന്നു. ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രാനുമതി ലഭിക്കാതെ അനേകം എണ്ണക്കപ്പലുകൾ മേഖലയിൽ കുടുങ്ങിയ അവസ്ഥയിൽ തുടരുകയാണ്.
ക്രൂഡ് ഓയിലും പ്രകൃതിവാതകവും കയറ്റിപോകുന്ന ധാരാളം ചരക്കുകപ്പലുകൾ പ്രതിസന്ധിയെ തുടർന്ന് ഹോർമുസ് കടന്നു പോകുവാൻ അനുമതി കാത്തുകിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.



