രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ലോക്ക് ഡൗൺ സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് യാതൊരു പരിഭ്രാന്തിയുടേയും ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
അവശ്യവസ്തുക്കളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രം ആവർത്തിച്ചു. ഇന്ധന വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പെട്രോളിന്റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറയ്ക്കുകയും ഡീസലിന്റെ അധിക തീരുവ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തി കൃത്രിമ ക്ഷാമം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഊർജ ലോക്ഡൗൺ സംബന്ധിച്ച കുപ്രചരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും നിലവിലെ ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
പ്രൈവറ്റ് കമ്പനിയായ നയാരാ പെട്രോൾ, ഡീസൽ വിലവർധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനിടെ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും പെട്രോൾ, ഡീസൽ, LPG ആവശ്യത്തിന് കരുതൽ ശേഖരമുള്ളതായും സർക്കാർ വീണ്ടും വ്യക്തമാക്കി.



