സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. ചലച്ചിത്ര നടൻ, നാടക സംവിധായകൻ, നാടക നടൻ, നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കൊല്ലം എംഎൽ എ എം മുകേഷിന്റെ സഹോദരി ഭർത്താവു കൂടിയാണ് ഇ എ രാജേന്ദ്രൻ. കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.അസുഖബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു
ത്രിശ്ശൂർ ജില്ലയിലെ തൃത്തല്ലൂർ ഏങ്ങൂർ തറവാട്ടിൽ 1955 ലാണ് ജനനം, തൃത്തല്ലൂരിലെ സ്കൂൾ കാലഘട്ടം മുതൽ കലാരംഗത്ത് സജീവമായിരുന്നു, നാടകസമിതികളിൽ ചെറുപ്പം മുതൽക്കുതന്നെ പ്രവർത്തിച്ചിരുന്ന രാജേന്ദ്രൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്, തുടർന്ന് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം, അതിനുശേഷം നാട്ടിലെത്തിയ അവസരത്തിൽ ഒ.മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായി സന്ധ്യയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയുമായിരുന്നു.
നാടക രംഗത്തുനിന്നുമായിരുന്നു രാജേന്ദ്രന്റെ സിനിമയിലേക്കുള്ള വരവ്. വില്ലനായും സ്വഭാവനടനായും അറുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
1981ൽ പുറത്തിറങ്ങിയ ‘ഗ്രീഷ്മം’ എന്ന ചിത്രത്തിലൂടെയായിരുന്നു രാജേന്ദ്രന്റെ സിനിമാ പ്രവേശം. കളിയാട്ടത്തിലെ പ്രതിനായക കഥാപാത്രം ‘ഉണ്ണിത്തമ്പുരാൻ’ രാജേന്ദ്രന്റെ കരിയറിൽ നിർണായകമായി മാറി, ജയറാം നായകനായെത്തിയ എത്തിയ ‘പട്ടാഭിഷേകം’ എന്ന ചലച്ചിത്രത്തിലെ രാജേന്ദ്രന്റെ ബലരാമൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയരാജ് സംവിധാനം നിർവ്വഹിച്ച ‘പെരുങ്കളിയാട്ടം’ ആണ് രാജേന്ദ്രന്റെ ഏറ്റവും അവസാന ചിത്രം. രാജേന്ദ്രൻ, സന്ധ്യ ദമ്പതികളുടെ ഇളയ മകൻ ദിവ്യദർശനും ചലച്ചിത്ര താരമാണ്.
ഭാര്യാപിതാവ് ഓ മാധവന്റെ കൊല്ലത്തുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും രാജേന്ദ്രൻ സജീവമായിരുന്നു.
മലയാള മിനിസ്ക്രീൻ രംഗത്ത് വിവിധ പരമ്പരകളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
ഇ.എ.രാജേന്ദ്രൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം ഖപ്പെടുത്തി രേഖപ്പെടുത്തി.
തൃശ്ശൂരിലെ തൃത്തല്ലൂരിൽ മാർച്ച് 27 വെള്ളിയാഴ്ച്ചയാണ് സംസ്കാരം.



