തിരുവനന്തപുരം: നഗരം ഭക്തിസാന്ദ്രമായി, പ്രാര്‍ഥനകളോടെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി.
ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷം മേല്‍ശാന്തി അനീഷ് നമ്പൂതിരി ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചു.തുടര്‍ന്ന് നഗരത്തിന്റെ വിവിധപ്രദേശങ്ങളിൽ പൂജാരിമാര്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ ചന്ദ്രഗ്രഹണം പ്രമാണിച്ച് ക്ഷേത്ര ദര്‍ശനം ഉണ്ടായിരുന്നില്ല.
സിനിമ, സീരിയൽ, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖവ്യക്തികൾ ഇത്തവണയും പൊങ്കാലയർപ്പിക്കുവാൻ നഗരത്തിൽ എത്തിയിരുന്നു.
രാവിലെ ഒമ്പതുമണിയ്ക്കുശേഷം ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
തന്ത്രി പരമേശ്വരന് ഭട്ടതിരിപ്പാടിന്റെ കാർമികത്ത്വത്തിൽ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍നിന്നും ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നുകൊണ്ട് ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.
തുടർന്ന്, അഗ്നിയേറ്റുവാങ്ങിക്കൊണ്ട് സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ദീപം ജ്വലിപ്പിച്ചു. അതേസമയം, ഭക്തര്‍ തയാറാക്കിയ പൊങ്കാല അടുപ്പുകളിൽ അഗ്നി തെളിയിക്കുന്നതിനുള്ള സൂചനയായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അന്തരീക്ഷത്തിൽ മുഴങ്ങി.
പണ്ടാര അടുപ്പില്‍നിന്നു പകർന്ന അഗ്നി ഭക്തർ ഏറ്റുവാങ്ങി സ്വന്തം അടുപ്പുകളില്‍ തെളിയിച്ചുകൊണ്ട് പ്രാർത്ഥനകളോടെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു.
കുംഭമാസത്തിലെ മകം നാളും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന അപൂർവ്വത കൂടിയുണ്ടായിരുന്നു.
പതിവുപോലെ പൊങ്കാല പ്രമാണിച്ച് കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.



