Advt 1
Crime Kerala Politics Top News

യുവതീപ്രവേശനത്തെ എതിർത്തതിലുള്ള പക, കുടുക്കിയതാണെന്ന് തന്ത്രിയുടെ അഭിഭാഷകൻ!

ശബരിമല യുവതീപ്രവേശനത്തെയും എല്ലാ ദിവസവും നട തുറക്കാനുമുള്ള സർക്കാർ ശ്രമങ്ങളെയും എതിർത്തതിലുള്ള ഭരണകക്ഷിയുടെ വൈരാഗ്യമാണ് തന്ത്രിയെ സ്വർണക്കവർച്ചാകേസിൽ കുടുക്കി അപകീർത്തിപ്പെടുത്തുവാനുള്ള നീക്കങ്ങൾക്കു പിന്നിലെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ തന്ത്രിയുടെ അഭിഭാഷകൻ. കൊല്ലം വിജിലൻസ് കോടതി മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്ത്രിയുടെ അഭിഭാഷകൻ പ്രസ്തുത വിഷയമുന്നയിച്ചിട്ടുള്ളത്.

ശബരിമല സ്ത്രീപ്രവേശനത്തിനായി സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടു നീക്കങ്ങൾ നടത്തിയപ്പോൾ സർക്കാർ നീക്കത്തെ എതിർത്തുകൊണ്ട് ആചാരസംരക്ഷണത്തിനായി ശക്തമായി നിലകൊണ്ടതിലുള്ള പകപോക്കലാണ് സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടുകേസുകളുമെന്ന് അഭിഭാഷകർ പറഞ്ഞു.

ഭരണമുന്നണിയിലെ പ്രമുഖനേതാക്കൾക്കെതിരെ ശബരിമല കവർച്ചാകേസുകളും ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെ രാഷ്ട്രീയ നേതാക്കൾക്കുമാത്രമല്ല തന്ത്രിക്കും പ്രസ്തുത കേസുകളിൽ പങ്കുണ്ടെന്നു വരുത്തിത്തീർക്കുവാനുള്ള ശ്രമങ്ങളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്ത്രിയുടെ അഭിഭാഷകർ ആരോപിച്ചു.

ഭരണപരമായ കാര്യങ്ങളിൽ തന്ത്രിയ്ക്ക് ഇടപെടേണ്ടകാര്യമില്ലെന്നും മറിച്ച് ആചാര സംബന്ധമായ കാര്യങ്ങളിൽ മാത്രം തന്ത്രി ഇടപെട്ടാൽ മതിയെന്നും ദേവസ്വം ബോർഡ് മാനുൽ ഉദ്ധരിച്ചുകൊണ്ട് തന്ത്രിയുടെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.

കുറ്റാരോപിതനായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന വാദങ്ങളെ എതിർത്തുകൊണ്ട് മുൻകാലത്തു പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ചില തസ്തികകളിലുണ്ടായിരുന്നതായും പോറ്റി ശബരിമലയിലെത്തിയത് അവർ വഴിക്കാക്കാമെന്നും അഭിഭാഷകർ സൂചിപ്പിച്ചു.

ക്ഷേത്രകാര്യങ്ങളിൽ തന്ത്രി പരമാധികാരിയാണെന്നും എന്നാൽ ശബരിമലയിലെ വസ്തുവകകൾ അവിടെനിന്നും കടത്തുന്നത് തടയുവാൻ തന്ത്രി ശ്രമിച്ചില്ലെന്ന SIT യുടെ വാദം കണക്കിലെടുക്കാതെ കോടതി തന്ത്രിയ്ക്കു ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.