പ്രതിപക്ഷനിരയുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ തുടങ്ങിയ സുപ്രധാന ബില്ലുകളിൽ ഇന്ന് പാർലമെന്റിൽ ചർച്ച നടന്നു.
മണ്ഡല പുനർനിർണയം നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളോട് യാതൊരു തരത്തിലുമുള്ള വിവേചനം ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ വടക്കൻ സംസ്ഥാനമെന്നോ തെക്കൻ സംസ്ഥാനമെന്നോ വലുതെന്നോ ചെറുതെന്നോ തരത്തിലുള്ള ഒരു വ്യത്യാസവും ഉണ്ടാവില്ലെന്നും എല്ലാവർക്കും ഇക്കാര്യത്തിൽ തുല്യതയുണ്ടാവുമെന്നും ഇക്കാര്യത്തിൽ താൻ “ഗ്യാരന്റി” നൽകുന്നതായും പ്രധാനമന്ത്രി വിശദീകരിച്ചു.മണ്ഡല പുനർനിർണയത്തെ പ്രതിപക്ഷം എതിർക്കുന്നത് രാഷ്ട്രീയലാക്കോടെയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
വനിതാ സംവരണ ഭേദഗതി ബിൽ അവതരണ വേളയിൽ, ഇത് രാജ്യത്തിന് അനിവാര്യമാണെന്നും സ്ത്രീകൾക്കും ഭരണത്തിൽ പങ്കാളികളാകാനുള്ള അവസരമാണെന്നും വനിതാ സംവരണ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ എല്ലാ പാർട്ടികളും രാഷ്രീയഭേദമന്യേ ഒരുമിച്ചു നീങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭയിലും സംസ്ഥാന സഭകളിലും സ്ത്രീകൾക്ക് 33% സംവരണം, അതായത് ആകെസീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകൾക്കായി ഉറപ്പുവരുത്തുന്നതാണ് വനിതാ സംവരണ ഭേദഗതി ബിൽ.
മണ്ഡല പുനർനിർണയ ബിൽ സംബന്ധിച്ച് പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതായി ബി.ജെ.പി എം.പി തേജസ്വി സൂര്യ ആരോപിച്ചു.
വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലിനെ ബന്ധിപ്പിച്ചതിനെ കോൺഗ്രസ് എം.പി ഗൗരവ് ഗോഗോയ് വിമർശിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡലപുനർ നിർണയ ബില്ലിനെ നടപ്പാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വിമർശിച്ചു.



