ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും വരുന്നത് ആശങ്കാജനകമായ വാർത്തകൾ. സാധാരണഗതിയിൽ കടുത്ത ശൈത്യം തുടരുന്ന ജൂൺ മാസത്തിൽ അന്റാർട്ടിക്കയിൽ നിന്നും വരുന്നത് ഉഷ്‌ണതരംഗത്തിന്റെ ഗൗരവം വെളിവാക്കുന്ന ഗവേഷണ റിപ്പോർട്ടുകളാണ്. അന്റാർട്ടിക്കയിലെ അതിഭീമാകാരമായ മഞ്ഞുപാളികൾ പലതും ഉരുകിയില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള അതിശൈത്യ മാസങ്ങളിൽ പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ബെല്ലിംഗ്ഷൗസൺ കടൽ മേഖല പൂർണമായും മഞ്ഞുപാളികൾ കൊണ്ട് മൂടപ്പെടേണ്ടതാണ്. എന്നാൽ ഉഷ്‌ണതരംഗത്തിന്റെ ഫലമായി കടൽ ഉപരിതലം മഞ്ഞുപാളികളില്ലാതെ തുറന്നുകിടക്കുന്നതായാണ് ഉപഗ്രഹചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ജൂണിലെ പകൽ താപനില സാധാരണഗതിയിൽ മൈനസ് 6.2 ആയിരുന്നത് ഇപ്പോൾ 15.4 ഡിഗ്രി സെൽഷ്യസ് എന്ന നിലയ്ക്കാണ് വർധിച്ചിട്ടുള്ളത്.
സാധാരണയിലും 20 ഡിഗ്രിയിലധികം താപനില ഉയർന്നതിനെ ‘അതിതീവ്ര താപനിലാ പ്രതിഭാസം ‘ എന്നാണ് അർജന്റീനയുടെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് വിശേഷിപ്പിച്ചത്.
പെൻഗ്വിനുകളും സീലുകളും തിമിംഗലങ്ങളും ഉൾപ്പെടെയുള്ള ജീവികൾക്കും അന്റാർട്ടിക്കയിലെ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് മുഴുവനായും ഈ അതിവേഗത്തിലുള്ള മഞ്ഞുരുകൽ പ്രതിഭാസം വൻ ഭീഷണി സൃഷ്ട്ടിച്ചിരിക്കുകയാണെന്നാണ് അന്റാർട്ടിക്കൻ മേഖലയിലെ സമുദ്രഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഓഷ്യൻ സർക്കുലേഷൻ, ആഗോളതാപനം, കടലിലെ ഉയരുന്ന ചൂട് എന്നിവയാണ് ദക്ഷിണധ്രുവത്തിലെ ഉഷ്‌ണതരംഗത്തിന്റെ പ്രധാന കാരണങ്ങളായി ഗവേഷകർ വിലയിരുത്തുന്നത്.



