Advt 1
Editor’s Pick Featured News Kerala Music Spotlight

‘പൈതലാം യേശുവേ’ ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ഒരുക്കിയ ഫാ. ജസ്റ്റിൻ പനയ്ക്കൽ വിടവാങ്ങി.

‘പൈതലാം യേശുവേ’ ഉൾപ്പെടെയുള്ള നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഈണം പകർന്ന ഫാ. ജസ്റ്റിൻ പനയ്‌ക്കൽ (91) അന്തരിച്ചു.

2026 ഏപ്രിൽ 2 ന് എറണാകുളം മഞ്ഞുമ്മലിലെ സന്യാസഭവനത്തിൽ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്നുള്ള അവശതകൾമൂലം വിശ്രമത്തിൽ തുടരുകയായിരുന്നു.

കൊച്ചി കുമ്പളങ്ങിയിൽ ജോബ് പനക്കലിന്റെയും ഇസബെൽ തങ്കമ്മയുടെയും മകനായി 1935 ഓഗസ്റ്റ് 10 ന് ആയിരുന്നു ജനനം. കർമലീത്ത സഭയുടെ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമായിരുന്ന അദ്ദേഹം പുരോഹിതൻ, ദൈവശാസ്ത്രജ്ഞൻ, സംഗീത സംവിധായകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

മാനസത്തിൻ മണിവാതിൽ, നവ്യമാമൊരു കൽപ്പന ഞാൻ, ജീവിതഗർത്തത്തിൽ അലയും, മാനസത്തിൻ മണിവാതിൽ, ദൈവം പിറക്കുന്നു, പുതിയൊരു പുലരി വിടർന്നു എന്നിവ അദ്ദേഹം ഈണം പകർന്ന ശ്രദ്ധേയമായ ഗാനങ്ങളിൽ പെടും.

ഫാ. ജസ്റ്റിൻ സംഗീത സംവിധാനം നിർവഹിച്ചതിൽ ഏറ്റവും ജനകീയമായത് കെ.എസ് ചിത്ര ആലപിച്ച ‘പൈതലാം യേശുവേ’ എന്ന് തുടങ്ങുന്ന ഗാനമാണ്. 1983 ൽ പുറത്തിറങ്ങിയ ‘സ്നേഹപ്രവാഹം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിലേതാണ് പ്രസ്തുത ഗാനം. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ ഒന്നുകൂടിയാണിത്.

ഗായകൻ യേശുദാസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഫാ. ജസ്റ്റിന്റെ മൂന്നോളം ഭക്തിഗാന ആൽബങ്ങൾ ‘തരംഗിണി’ നിർമിച്ചിട്ടുണ്ട്.

ഏപ്രിൽ 6 തിങ്കളാഴ്ച ആണ് സംസ്കാരം.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.