ന്യൂഡൽഹി: സമാധാന ബോണ്ട് ആവശ്യപ്പെട്ട് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് നൽകിയ നോട്ടിസിനെതിരെ ‘ഐസ’ പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഒക്ടോബർ 16 ന് നടന്ന ലെഹ്‌ര ദോ തിരംഗ മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റിലായ നേഹയ്ക്ക് ജാമ്യം നൽകാൻ 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ‘അന്വേഷണവേളയിൽ സമാധാനം പാലിക്കുമെന്ന’ ആൾ ജാമ്യവും വേണമെന്ന നോട്ടിസിനെതിരെയാണ് നേഹ ബോറ ഹർജി നൽകിയത്.
കേസിൽ നടപടിയെടുക്കുന്നതിനുമുൻപ് ചില കാര്യങ്ങളിൽ കരുതലെടുക്കണമെന്നു മജിസ്ട്രേട്ടിനോടു നിർദേശിച്ചിട്ടുണ്ടെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. എല്ലാ കേസ് രേഖകളും നേഹയ്ക്കു നൽകണമെന്നും നിർദേശിച്ചു.
നേഹ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാകണം. ബോണ്ട് ആദ്യഘട്ടത്തിൽ തന്നെ നൽകണോ അതോ അന്വേഷണം പുരോഗമിക്കുന്നതിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ മാത്രം മതിയോ എന്നു മജിസ്ട്രേട്ടിനു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.


