ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സംഘർഷഭരിതമായിരുന്ന ജമ്മുകശ്മീരിലെ പൂഞ്ച് ബാന്ദി ചെചിയ ഗ്രാമത്തിൽ സ്ഥാപിച്ച ‘ബൻവട്ട് ഏക്താ സ്ഥൽ’ കരസേനയിലെ ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ രാജ്യത്തിന് സമർപ്പിച്ചു.
സ്ഥലത്ത് 105 അടി ഉയരത്തിൽ കൂറ്റൻ ദേശീയ പതാക ഇന്ത്യൻ സൈനികർ സ്ഥാപിച്ചു
നിയന്ത്രണരേഖയിൽ നിന്നും വെറും രണ്ടുകിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പാകിസ്ഥാന്റെ സൈനികർക്കുമുമ്പിൽ ഇനിമുതൽ ഇന്ത്യൻ പതാക പാറിക്കളിക്കും. കുട്ടികൾക്കും തദ്ദേശവാസികൾക്കുമായുള്ള ഒരു പാർക്കും ഇന്ത്യയിലെ വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായി വിവിധമത ചിഹ്നങ്ങളും ഏക്താ സ്ഥലിലെ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ പോരാട്ടത്തിന്റെ സമയത്ത് പാക് പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷിയായ ഇന്ത്യൻ അതിർത്തിപ്രദേശങ്ങളിലേക്ക് വീണ്ടും വിനോദസഞ്ചാരികളെ തിരികെയെത്തിച്ചുകൊണ്ട് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അതിർത്തിമേഖലയിലുള്ള ജനങ്ങളുടെ ജീവിതനിലവാരമുയർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചിട്ടുള്ളത്.
കരസേനയിലെ സൈനികർ ചേർന്ന് ഏതാണ്ട് 45 ദിവസങ്ങൾ കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി കേണൽ ജേക്കബ് പണിക്കരാണ് പദ്ധതിയ്ക്കു മേൽനോട്ടം വഹിച്ചത്.



