തിരുവനന്തപുരം കണ്ണൂർ പാതയിൽ പത്തനംതിട്ടയേയും ഉൾപ്പെടുത്തിക്കൊണ്ട് അതിവേഗപാതയുടെ പുതുക്കിയ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറച്ചുകൊണ്ടുള്ള പുതിയ ഡിസൈനാണ് മെട്രോമാൻ തയ്യാറാക്കിയിട്ടുള്ളത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീലുന്ന 465 കിലോമീറ്റർ താണ്ടുവാൻ 3 മണിക്കൂർ 20 മിനിട്ടും 780 രൂപയുമാണ് കണക്കുകൂട്ടുന്നത്.
75 ശതമാനം എലവേറ്റഡ് പാത, 20% തുരങ്കപാത ബാക്കി 5% തറനിരപ്പിലും എന്ന രീതിയിലാണ് ഇപ്പോൾ ഡിസൈൻ ചെയ്തിട്ടുള്ളത്. കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നതരത്തിലുള്ള RRTS പദ്ധതിയ്ക്കുള്ള കേന്ദ്രനുമതിയ്ക്കായി സംസ്ഥാനസർക്കാർ ശ്രമിക്കുന്ന വേളയിലാണ് ഇപ്പോൾ പുതുക്കിയ ഡിസൈൻ ഇ ശ്രീധരൻ അവതരിപ്പിച്ചിട്ടുള്ളത്.
പുതുക്കിയ ഡിസൈന് കേന്ദ്രാനുമതി ഉടൻ ലഭിക്കുമെന്നാണ് റെയിൽകേന്ദ്രമന്ത്രിയിൽനിന്നും തനിക്ക് വാക്കാലുറപ്പ് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തുനിന്നും സർവീസ് ആരംഭിച്ച് എയർപോർട്ട് വർക്കല കൊല്ലം കൊട്ടാരക്കര സ്റ്റേഷനുകൾ വഴി പത്തനംതിട്ട വൈക്കം എറണാകുളം നെടുമ്പാശ്ശേരി എയർപോർട്ട് തൃശൂർ പട്ടാമ്പി മലപ്പുറം കരിപ്പൂർ കോഴിക്കോട് കൊയിലാണ്ടി വടകര തലശ്ശേരി കണ്ണൂർ എന്നിങ്ങനെ മൂന്നു വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുകടന്നു പോകുന്ന രീതിയിലാണ് പുതുക്കിയ പാത കടന്നുപോകുന്നത്.
സർക്കാരിന്റെ സിൽവർ ലൈനേക്കാളും അതിനുശേഷം അവതരിപ്പിക്കപ്പെട്ട ബദൽപാതയേക്കാളും നിർമ്മാണച്ചെലവും യാത്രാച്ചെലവും കുറയുമെന്നാണ് അവകാശം.
നിർമാണച്ചെലവ് 80000 കോടിയിൽനിന്നും 56500 കോടിയായി കുറയും, ബദൽപാതയുടെ യാത്രാസമയവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ അതിവേഗപാതയിൽ യാത്രാസമയം 20 മിനിറ്റ് കുറയും.
ഓരോ സ്റ്റേഷനുകളിലും 1 മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും, എയർപോർട്ട് സ്റ്റേഷനുകളിൽ 2 മിനിറ്റ് സമയം, പീക് ടൈമുകളിൽ ഓരോ അരമണിക്കൂറിലും ട്രെയിൻ എന്നിങ്ങനെയാണ് മറ്റു പ്രത്യേകതകൾ.
നിർമാണം പൂർത്തിയാക്കുവാൻ 4 മുതൽ 5 വർഷം വരെ സമയമെടുക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്.



