ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികർക്കു വഴികാട്ടിയായത് സൈന്യത്തിന്റെ ‘ടൈസൺ’നായ.
ഇന്ത്യൻ സേനയുടെ 2 പാരാ (സ്പെഷ്യൽ ഫോഴ്സസ്) വിഭാഗത്തിലെ അംഗമാണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടൈസൺ.
ജയ്ഷെ മുഹമ്മദ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനും ഭീകരരെ വധിക്കുന്നതിനും തുണയായത് ടൈസണിന്റെ അസാമാന്യ ധൈര്യവും മികവുമാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ ടൈസൺ ഇപ്പോൾ ചികിത്സയിലാണ്.
കിഷ്ത്വാർ ജില്ലയിലെ ചത്രൂ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ലാൻസ് നായിക് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ചേർന്നുകൊണ്ട് ടൈസൺ ഭീകരർ ഒളിച്ചിരുന്ന വീട് കൃത്യമായി കണ്ടെതുവാൻ സഹായിക്കുകയായിരുന്നു.
ഭീകരർ വെടിയുതിർത്തപ്പോൾ ആദ്യത്തെ വെടിയുണ്ടയേറ്റത് ടൈസൻന്റെ കാലിലായിരുന്നു. പരിക്കേറ്റിട്ടും പിന്മാറാതെ ഭീകരരുടെ സാന്നിധ്യം സൈന്യത്തിന് കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്നതിൽ ടൈസൺ വിജയിച്ചു, തുടർന്ന് നടന്ന പോരാട്ടത്തിൽ സൈന്യം ഭീകരരെ വകവരുത്തുകയായിരുന്നു.
വെടിയേറ്റ ടൈസണെ അവിടെനിന്നും മാറ്റി വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി, ടൈസണ് ഗുരുതര പരിക്കില്ലെന്നും ടൈസണിന്റെ ആരോഗ്യനില പുരോഗമിച്ചുവരികയാണെന്നുമാണ് സൈനികവൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
‘ഓപ്പറേഷൻ ത്രാഷി 1’ എന്ന് പേരിട്ട ഓപ്പറേഷനറിൽ കുപ്രസിദ്ധ കമാൻഡർ സൈഫുള്ള ബലോച്ചുൾപ്പെടെ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം വകവരുത്തിയത്.



