തങ്ങൾ സ്വന്തമായി നിർമിച്ചതെന്നവകാശപ്പെട്ടു യുപിയിലെ സ്വകാര്യ സർവകലാശാല ഇന്ത്യ എ ഐ ഇമ്പാക്ട് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച റോബോട്ട് നായ ചൈനീസ് നിർമ്മിതമാണെന്നും അവിടെനിന്നും വാങ്ങിയതാണെന്നും ബോധ്യപ്പെട്ടതിനെത്തുടർന്നു ഗാൽഗോട്ടിയാസ് സർവ്വകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കിയ വാർത്ത വലിയ നാണക്കേടുണ്ടാക്കിയിരുന്നു.പ്രസ്തുത യൂണിവേഴ്സിറ്റിയെ കേന്ദ്ര ഐ ടി മന്ത്രാലയമാണ് ഉച്ചകോടിയിൽനിന്നും വിലക്കിയത്.
എന്നാൽ ഈ സംഭവങ്ങൾക്കിടെ ബാംഗ്ലൂരിലെ ഒരു റോബോട്ടിക് സ്റ്റാർട്ടപ്പ് കമ്പനി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോ വൻ തരംഗമായി.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനറൽ ഓട്ടോണോമി കമ്പനിയുടെ പരം റോബോ ഡോഗാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.ഗാൽഗോട്ടിയാസ് സർവ്വകലാശാലയുടെ വ്യാജഅവകാശവാദത്തെയും ഉച്ചകോടിയിലെ പ്രസ്തുത സംഭവത്തെയും ട്രോള്ളിക്കൊണ്ടാണ് ജനറൽ ഓട്ടോണോമി കമ്പനിയുടെ പോസ്റ്റ്.
ഇറക്കുമതി ചെയ്തതല്ല, യന്ത്ര ഘടകങ്ങൾ കൂട്ടിച്ചേത്തതല്ല, പൂർണമായും തദ്ദേശീയമായി ഇന്ത്യക്കാർ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും ശക്തമായ തദ്ദേശീയമായ റോബോട്ട് നായ, നമ്മുടെ രാഷ്ട്രത്തിനായ് ഈ നൂറ്റാണ്ടിനായ് നമ്മുടെ ലോകത്തിനായ് എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
സമൂഹമാധ്യമമായ എക്സിലാണ് പ്രസ്തുത വീഡിയോ പങ്കുവച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് മുന്നിൽ പരം റോബോട്ടിനെ അവതരിപ്പിച്ച വിഡിയോയും കമ്പനി പിൻ ചെയ്തിട്ടുണ്ട്.ബാംഗ്ലൂരിലെ തെരുവിലുളള ഒരു യഥാർത്ഥ നായയുമായും പരം റോബോട്ട് നായ ഇടപെടുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ വിഡിയോയിൽ പരം റോബോട്ട് നായയുടെ ചലനശേഷികളും സെൻസിംഗ് തിരിച്ചറിയൽ ശേഷികളും വ്യക്തമാണ്. ഹോംറോബോട്ടുകളും അവയെ ശക്‌തിപ്പെടുത്തുന്ന കൃത്രിമബുദ്ധി അധിഷ്ഠിത സംവിധാനങ്ങളുമാണ് ഇപ്പോൾ ജനറൽ ഓട്ടോണോമി കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇൻഹൗസ് ഇന്നോവേഷൻ എന്ന വ്യാജഅവകാശവാദമുന്നയിച്ചു ഇന്ത്യ എ ഐ ഇമ്പാക്ട് ഉച്ചകോടിയിൽ ഗാൽഗോട്ടിയാസ് സർവ്വകലാശാല പ്രദർശിപ്പിച്ച റോബോട്ട് നായ വ്യാജമാണെന്നും ചൈനീസ് നിര്മിതമാണെന്നും സമൂഹമാധ്യമ ഉപഭോക്താക്കൾ കണ്ടെത്തുകയും സർവ്വകലാശാലയുടെ കള്ളിവെളിച്ചത്താകുകയും ചെയ്തിരുന്നു.ചൈന ആസ്ഥാനമായ യൂണിട്രീ റോബോട്ടിക്സിന്റെ യൂണിട്രീ ഗോ 2 ആയിരുന്നു ഇന്ത്യൻ എ ഐ ഉച്ചകോടിയിൽ ഓറിയോൺ എന്ന പേരിലവതരിപ്പിച്ചത്.



