കൃത്യമായ സംരക്ഷണ നടപടികള്‍ എത്രയും വേഗം കൈക്കൊണ്ടില്ലെങ്കില്‍ മിന്നാമിനുങ്ങുകൾക്ക് വംശനാശം തന്നെ സംഭവിച്ചേക്കാമെന്നു ഗവേഷകരുടെ മുന്നറിയിപ്പ്. ആയിരത്തില്‍പരം വൈവിധ്യമുള്ള മിന്നാമിനുങ്ങുകളിൽ പലതും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. മിന്നാമിനുങ്ങുകള്‍ക്ക് വളരാനും പ്രജനനം ചെയ്യാനും ജീവിക്കാനും ആവശ്യമായ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ ഇല്ലാതാകുന്നതാണ് പ്രധാന കാരണം. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വടക്കേ അമേരിക്കയില്‍ മാത്രം 18 തരം മിന്നാമിനുങ്ങുകള്‍ അതിതീവ്ര ഭീഷണി നേരിടുന്നുണ്ടെന്നാണ്.
അമേരിക്കയിലെ ഡെലവെയര്‍, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളികള്‍ കാണപ്പെടുന്ന ബെഥനി ബീച്ച് (Bethany Beach firefly) ഇനത്തിൽപ്പെടുന്ന മിന്നാമിനുങ്ങുകൾ വംശനാശത്തിന്റെ വക്കിലാണെന്നു അടുത്തിടെ റിപോർട്ടുകൾ വന്നിരുന്നു.ലൈറ്റ് പൊല്യൂഷന്‍, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥ വ്യതിയാനം എന്നിവ ഇവയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതിനാൽ ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസസ് ശുപാര്‍ശ ചെയ്തിരുന്നു.
പണ്ടുള്ളതുപോലെ മിന്നാമിന്നികളെ ഇന്നു കാണാൻ ആകുന്നില്ലെന്ന നിരീക്ഷണം മാസം റാഫേൽ ഡികോക് എന്ന ഗവേഷകൻ എഴുതിയ തീസിസിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് “ഇനി വരുംതലമുറകൾ മിന്നാമിന്നികളെ കാണില്ലേ”? എന്ന ആശങ്ക ഉയർന്നത്. ഇതോടെ മിന്നാമിന്നികൾ വംശനാശത്തിന്റെ വക്കിലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായി എന്നാൽ, ഉടനടി അങ്ങനെ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലെന്ന് ഗവേഷകർ ഉറപ്പുതരുന്നു.
ലാംപിറിഡെ എന്ന മിന്നാമിന്നി ജീവികുടുംബത്തിൽ രണ്ടായിരത്തോളം ജീവി സ്പീഷീസുകളുണ്ട്.ഫയർഫ്ലൈസ്, ലൈറ്റിങ് ബഗ്സ്, ഗ്ലോവേമുകൾ തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന, മനുഷ്യരുടെ കാൽപനിക സ്വപ്നങ്ങളിലും സാഹിത്യകൃതികളിലുമൊക്കെ കഥാപാത്രമായ ഈ പ്രാണി നമ്മുടെ കുട്ടിക്കാല ഗൃഹാതുരത്വത്തിന്റെകൂടി ഭാഗമാണ്.
സ്വാഭാവിക വെളിച്ചവുമായി താദാത്മ്യം നിലനിർത്തിയാണ് മിന്നാമിന്നികളുടെ ജീവിതചര്യ എന്നുള്ളതുകൊണ്ടുതന്നെ പ്രകാശ ശ്രോതസ്സിലും തീവ്രതയിലും അളവിലുമൊക്കെയുണ്ടാകുന്ന വ്യതിയാനങ്ങൾ ഇവയെ സാരമായി ബാധിക്കാറുണ്ട് .
മിന്നാമിനുങ്ങുകൾ തമ്മിൽ ആശയവിനിമയം നടത്താനും ഇണയെ കണ്ടെത്താനുമെല്ലാം തങ്ങളുടെ ശരീരത്തിൽ നിന്നുള്ള “ബയോലൂമിനൻസ്”
വെളിച്ചമാണ് ആശ്രയിക്കുന്നതെന്നതിനാൽ സ്വാഭാവികമല്ലാത്ത, തീവ്രത കൂടിയ പ്രകാശസാന്നിധ്യം ഇവയെ സ്വശരീരത്തിൽ നിന്നു കൂടുതൽ പ്രകാശം ഉൽപാദിപ്പിക്കാൻ നിർബന്ധിതരാക്കുകയും ഇത് ഇവയുടെ സ്വാഭാവിക ജീവചര്യകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ചതുപ്പുകളും നനഞ്ഞയിടങ്ങളും പോലെയുള്ള ചില പ്രത്യേക ആവാസവ്യവസ്ഥകൾ കുറയുന്നതും ഇവയുടെ സ്ഥിതി പരുങ്ങലിലാക്കുന്നു.



